കരിങ്കല്ലത്താണി (മലപ്പുറം): സ്‌കൂളിന് മുന്നിലെ സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്ന നിരന്തര പരാതിയെ തുടർന്ന് പ്രിൻസിപ്പാൾ റോഡിലിറങ്ങി ബസ് തടഞ്ഞുനിർത്തി. താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പലും, പ്രിൻസിപ്പൽമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീർ എന്ന സൈനുദ്ധീനാണ് ബസ് തടഞ്ഞത്.
സംഘർഷ സാധ്യത മുന്നിൽക്കണ്ട് കൂടുതൽ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും വിദ്യാർഥികൾക്ക് അപകടകരമാം അമിതവേഗതയിൽ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പൊലീസിൽ നൽകിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.
കഴിഞ്ഞദിവസം ബസ് തടയാൻ ശ്രമം നടത്തിയെങ്കിലും അമിതവേഗതയിൽ കടന്നു പോയി. ഇതേ തുടർന്ന് റോഡിലെ ഡിവൈഡർ ക്രമീകരിച്ചാണ് പ്രിൻസിപ്പൽ ബസ്സിനെ പിടികൂടിയത്. ബസ് തടയുന്ന രംഗം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ്. കാണികളിൽ ഒരാൾ പകർത്തിയ രംഗങ്ങൾ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.