തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം നൂറുദിന കർമപരിപാടികൾക്ക് തുടക്കം. സർക്കാറിന്‍റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ഒക്ടോബർ 22 വരെ നടപ്പാക്കുന്ന നൂറുദിന കർമ പരിപാടിയിൽ 100 ദിവസംകൊണ്ട് 47 വകുപ്പുകളിലൂടെ 13,013.4 കോടിയുടെ പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അർബുദ ചികിത്സക്കുള്ള മരുന്നുകള്‍, അവയവം മാറ്റി വെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ മുതലായവ ലാഭമെടുക്കാതെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി രോഗികള്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിക്കും. ലൈഫ് മിഷനിലൂടെ പുതിയ 10,000 വീടുകൾ കൈമാറും. 30,000 പട്ടയങ്ങൾ കൈമാറും. 37 സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ നിർമാണ ഉദ്ഘാടനവും നടക്കും. 456 റേഷൻ കടകൾ കൂടി കെ-സ്റ്റോറുകളായി നവീകരിച്ച് 1000 കെ-സ്റ്റോറുകൾ പൂർത്തിയാക്കും.
761.93 കോടി ചെലവിൽ നിർമിച്ച 63 റോഡുകൾ, 28.28 കോടിയുടെ 11 കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഒമ്പത് പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരിച്ചവ ഉദ്ഘാടനം ചെയ്യും. 437.21 കോടി വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി ചെലവ് വരുന്ന ഒമ്പത് പാലങ്ങൾ എന്നിവയുടെ നിർമാണ ഉദ്ഘാടനവും നടക്കും.
നൂറുദിന പരിപാടിയുടെ ഭാഗമായി ആകെ 1070 പദ്ധതികളാണ് ഉള്‍പ്പെടുത്തിയത്. 13,013.40 കോടി അടങ്കലും 2,59,384 തൊഴിലവസരം സൃഷ്ടിക്കലും ലക്ഷ്യമിടുന്നു. 706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനും 364 പദ്ധതികളുടെ നിർമാണ ഉദ്ഘാടനം/ പ്രഖ്യാപനവുമാണ് നടത്തുക. പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് നൂറു ദിന പരിപാടി ഊർജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.