കോഴിക്കോട്: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ വംശീയ വിദ്വേഷ പ്രസംഗത്തെ തുടർന്ന് കലുഷിതമായ കേരളത്തിലെ സാമൂഹികാന്തരീക്ഷം സൗഹാർദ്ദത്തിലെത്തിക്കാൻ നടക്കുന്ന സമവായ ചർച്ചകളിൽ ഒരു വിഭാഗം കത്തോലിക്ക സഭ പിതാക്കൻമാർ വിട്ടുനിൽക്കുന്ന നിലപാട് സമാധാന ശ്രമങ്ങളെ നിരർഥകമാക്കുമെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂർ.
തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന സമാധാന യോഗങ്ങളിൽ കാരണങ്ങളൊന്നും പറയാതെയാണ് സഭാധ്യക്ഷൻമാർ വിട്ടു നിന്നത്. കാറ്റ് വിതച്ചവർ തന്നെ അത് കൊടുങ്കാറ്റാവാതിരിക്കാൻ നടപടിയെടുക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ അതുണ്ടാവുന്നില്ലെന്നത് പോവട്ടെ, സമാധാനത്തിനായി സുമനസുകളും മേതതര പ്രസ്ഥാനങ്ങളും നടത്തുന്ന ദൗത്യങ്ങളോട് മുഖംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്നുവെന്നത് ഖേദകരമാണെന്ന് ഡോ. ഫസൽ ഗഫൂർ പ്രസ്താവനയിൽ പറഞ്ഞു.
ക്രിസ്തു മത വിശ്വാസികൾ ഏറ്റവും പാവനമായി കരുതുന്ന തിരുബലി കർമ്മത്തിനിടെയാണ് പാലാ ബിഷപ്പ് ഇതര മത വിദ്വേഷ പ്രസ്താവന നടത്തിയത്. ഒരു വിഭാഗത്തെ സമസ്ത മേഖലയിലും സംശയത്തിന്‍റെ മുൾമുനയിൽ നിർത്തിക്കൊണ്ട് വെറുപ്പും മതവിദ്വേഷവും വിശ്വാസികളുടെ മനസ്സിൽ പരത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ബിഷപ്പിന്‍റെ ഭാഷ പള്ളിയിലേതാണെങ്കിലും ആശയം മറ്റേതോ കാര്യാലയങ്ങളിൽ നിന്ന് വന്നതാണെന്ന് വേണം കരുതാൻ. അത് കൊണ്ട് തന്നെയാണ് കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷം കലുഷിതമായിട്ടും സഭാപിതാക്കന്മാർ മുഖം തിരിഞ്ഞുനിൽക്കാൻ കാരണമെന്നും ഡോ. ഫസൽ ഗഫൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.