കണ്ണൂർ: സെൻട്രൽ ജയിലിൽ ലഹരിമരുന്നുകേസ് പ്രതി തടവുചാടി രക്ഷപ്പെട്ടു. കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കോയ്യോട് സ്വദേശി ഹർഷാദാണ് ഞായറാഴ്ച രാവിലെ 6.45ഓടെ ആസൂത്രിതമായി രക്ഷപ്പെട്ടത്. പത്രക്കെട്ടുകൾ എടുക്കാനായി ജയിൽ കവാടത്തിലെത്തിയ പ്രതി ഗേറ്റ് ചാടിക്കടന്ന് നടപ്പാതയിൽ ഇരുചക്രവാഹനത്തിൽ കാത്തിരുന്ന ആൾക്കൊപ്പം കണ്ണൂർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
ജയിലിലെ വെൽഫെയർ ഓഫിസിൽ ജോലി ചെയ്തിരുന്ന ഹർഷാദാണ് ദിവസേന മതിൽക്കെട്ടിനകത്തേക്ക് ഇടുന്ന പത്രക്കെട്ടുകൾ എടുത്തിരുന്നത്. പത്രമെടുക്കാൻ പോയ ആൾ തിരിച്ചുവരാത്തതിനെത്തുടർന്ന് ജയിൽ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് തടവുകാരൻ രക്ഷപ്പെട്ടതായി അറിഞ്ഞത്. ജയിലിന്റെ നിയന്ത്രണത്തിലുള്ള പെട്രോൾ പമ്പിലെ കാമറയിലടക്കം ഇരുചക്രവാഹനത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥരോട് ജയിൽ വകുപ്പ് റിപ്പോർട്ട് തേടി. ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
2023 സെപ്റ്റംബർ മുതൽ ഹർഷാദ് തടവുശിക്ഷ അനുഭവിച്ചുവരുകയാണ്. വെൽഫെയർ ഓഫിസിലെ ജോലിയുടെ ഭാഗമായി എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. ഫോൺ വഴി പുറത്തുനിൽക്കുന്നവരുടെ സഹായം തേടിയെന്നാണ് വിലയിരുത്തൽ. ഗേറ്റിനുപുറത്ത് കാത്തിരുന്ന ആൾക്കൊപ്പം അനായാസമായാണ് ഇയാൾ കടന്നുകളഞ്ഞത്. കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം തുടങ്ങി. ഇരുചക്ര വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.