സുരേന്ദ്രന്‍റെ മകന്‍റെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ നിയമനം അനധികൃതമെന്ന്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണൻ കെ.എസിന്‍റെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ നിയമനം അനധികൃതമെന്ന് ആരോപണം. കേന്ദ്ര സർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപമായ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിൽ ടെക്നിക്കൽ ഓഫിസർ തസ്തികയിലാണ് ഹരികൃഷ്ണനെ നിയമിച്ചിട്ടുള്ളത്.

2021 ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫിസർ അടക്കം മൂന്ന് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. പിന്നാക്ക വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയിൽ എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണനയെന്ന് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്.

ടെക്നിക്കല്‍ ഓഫിസർ തസ്തികയിൽ മൂന്നു ഘട്ടങ്ങളിലാണ് നിയമന നടപടികൾ പൂർത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ 43 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. ഏപ്രില്‍ മാസത്തില്‍ രാവിലെ ഒന്നാംഘട്ട പരീക്ഷയും ഉച്ചക്ക് രണ്ടാംഘട്ട പരീക്ഷയും നടന്നു. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട നാലു പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷക്ക് ക്ഷണിച്ചു. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാലു പേരില്‍ കെ. സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണനാണ് നിയമനം ലഭിച്ചത്.

രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിലെ നിയമനം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അതേസമയം, എല്ലാ ചട്ടങ്ങളും പാലിച്ച് മെരിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

Tags:    
News Summary - The appointment of K Surendran's son in a central government institution is illegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.