പുനരധിവാസത്തിന് ഭൂമിയില്ലെന്ന വാദം പൊളിയുന്നു; വയനാട്ടിൽ 290 ഏക്കർ മിച്ചഭൂമി സർക്കാറിന്‍റെ കൈവെള്ളയിൽ

പുനരധിവാസത്തിന് ഭൂമിയില്ലെന്ന വാദം പൊളിയുന്നു; വയനാട്ടിൽ 290 ഏക്കർ മിച്ചഭൂമി സർക്കാറിന്‍റെ കൈവെള്ളയിൽ

കോഴിക്കോട്: വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരകളായവരുടെ പുനരധിവാസത്തിന് ഭൂമിയില്ലെന്ന സർക്കാർ വാദം പൊളിയുന്നു. സംസ്ഥാന സർക്കാറിന്‍റെ കൈവെള്ളയിൽ 290 ഏക്കർ മിച്ചഭൂമിയുണ്ടെന്ന് രേഖകൾ. വയനാട്ടിലെ വൈത്തിരി താലൂക്കിൽ 200.23 ഏക്കർ കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കറും മിച്ചഭൂമി ഏറ്റെടുക്കാനുണ്ട്.

റവന്യൂ രേഖകൾ പ്രകാരം വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ ഏറ്റെടുക്കേണ്ട മിച്ചഭൂമി 200.23 ഏക്കർ നിലവിൽ ബോച്ചെ ഭൂമിപുത്രയുടെ കൈവശമാണ്. കൽപറ്റ സബ് രജിസട്രാർ ഓഫിസിലെ ആധാരപ്രകാരം, വൈത്തിരി താലൂക്ക് കോട്ടപ്പടി വില്ലേജിലെ ആകെ 860.07 ഏക്കർ ഭൂമി രാജഗിരി റബർ ആൻഡ് പ്രൊഡ്യൂസ് കമ്പനിക്കുവേണ്ടി ഡയറക്‌ടർ കെ. സുരേഷാണ് കൈമാറ്റം നടത്തിയത്. ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഡയറക്ട‌ർ ലിജോ മുത്തേടനാണ് ഭൂമി തീറ് നൽകിയത്. താലൂക്ക് ലാൻഡ് ബോർഡ് 2016ൽ മിച്ചഭൂമിയായി പ്രഖ്യാപിച്ച 200.23 ഏക്കർ ഭൂമി കൂടി വാങ്ങിയ ബോച്ചെ ആധാരത്തിൽ മിച്ചഭൂയില്ലെന്നും രേഖപ്പെടുത്തി.

ഭൂപരിഷ്കരണനിയമത്തിലെ വകുപ്പ് 84 പ്രകാരം മിച്ചഭൂമി വാങ്ങിയ ബോച്ചെയുടെ ആധാരം അസാധുവാണ്. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിച്ച ആധാരങ്ങൾ റദ്ദ് ചെയ്യാൻ വകുപ്പ് 120 (എ) പ്രകാരം കലക്ടർക്ക് അധികാരമുണ്ട്. എന്നാൽ, സർക്കാർ ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് കുടപിടിക്കുകയാണ് ചെയ്തത്.

1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനിയായ രാജഗിരി റബ്ബർ കമ്പനിക്ക് പാട്ടാവകാശമുണ്ടായിരുന്ന ഭൂമിയാണിത്. നിലിവിൽ കൽപ്പറ്റ എസ്റ്റേറ്റ് കൈവശം വെച്ചിരുന്ന ഭൂമി. രാജഗിരിയുടെ പേരിലുള്ള സീലിങ് കേസിൽ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമി ഏറ്റെടുക്കുന്നതിന് 2016 ൽ ഉത്തരവിട്ടിരുന്നു. ഈ ടി.എൽ.ബി ഉത്തരവ് നിലനിൽക്കെയാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമി വിൽപന നടത്തിയത്.

കേസിന്റെ ചരിത്രം പരിശോധിച്ചാൽ താലൂക്ക് ലാൻഡ് ബോർഡ് 1976ൽ മിച്ചഭൂമിയായി കണ്ടെത്തിയത് 680 ഏക്കർ ഭൂമിയാണ്. പിന്നീട് കോടതി വ്യവഹാരങ്ങൾക്ക് ശേഷം ഇത് 290.85 ഏക്കർ ഭൂമിയായി. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച് ഭൂമി തരംമാറ്റിയിട്ടുണ്ടെങ്കിൽ അതിലും നടപടി സ്വീകരിക്കാവുന്നതാണ്. നാല് മാസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് 2016ൽ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവായത്. ഈ മിച്ചഭൂമി ഏറ്റെടുത്ത് പതിച്ച് നൽകുന്നതിൽ സർക്കാർ നടപടി സ്വീകരിച്ചില്ല.

പുനരധിവാസത്തിന് അനുയോജ്യമായ മിച്ചഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും എസ്റ്റേറ്റ് മുതലാളിമാരുടെ ഭൂമി പണം കൊടുത്ത് ഏറ്റെടുക്കാം എന്നാണ് അഡ്വക്കേറ്റ് ജനറൽ ഹൈകോടതിയിൽ പറഞ്ഞത്. കോടതിയിൽ എ.ജി ആവശ്യപ്പെട്ടുന്നുവെങ്കിൽ സർക്കാറിന് നിയമതടസമില്ലാതെ ഏറ്റെടുക്കാവുന്ന ഭൂമിയാണിത്. എന്നാൽ ഹൈകോടതിയിൽ എ.ജി പുനരധിവാസത്തിന് വയനാട്ടിൽ മിച്ചഭൂമി ഏറ്റെടുക്കാനുണ്ടെന്ന് വിവരം മറച്ചു പിടിക്കുകയാണ് ചെയ്തത്.

കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കറാണ് മറ്റൊരു മിച്ചഭൂമി. ഈ ഭൂമി 1977 ൽ സർക്കാർ ഏറ്റെടുത്തതാണ്. 1991ൽ കമ്പനി അനധികൃതമായി ഒരു കുടുംബത്തിലെ ആറ് പേർക്ക് കൈമാറി. കോടതി ഇതൊന്നും അംഗീകരിച്ചില്ല. നാലി മസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് 2016ൽ ടി.എൽ.ബി ഉത്തരവിറക്കിയത്.

വയനാട്ടിൽ നിരവധി സ്ഥലങ്ങളിൽ മിച്ചഭൂമി ഏറ്റെടുക്കാനുണ്ട് എന്നാണ് അറിയുന്നത്. ഇതൊന്നും തന്നെ ഹൈകോടതിയിൽ എ.ജി സൂചിപ്പിച്ചില്ല.

Tags:    
News Summary - The argument that there is no land for resettlement falls apart; 290 surplus land in the hands of the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.