കൊരട്ടി: ചാലക്കുടിക്ക് സമീപം മേലൂരിൽ പെൺകുട്ടിയെ കാറിലെത്തിയ രണ്ടുപേർ മർദിക്കുകയും മുടി മുറിക്കുകയും ചെയ്തെന്ന പരാതി വ്യാജമെന്ന് പൊലീസ്. വീട്ടുകാരുടെ ശകാരം ഭയന്ന് കുട്ടി കഥ മെനഞ്ഞെടുക്കുകയായിരുന്നെന്നാണ് വ്യക്തമായത്. വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് യാഥാർഥ്യം ബോധ്യപ്പെട്ടത്.
ഏഴാം ക്ലാസ് വിദ്യാർഥിനിയും കുടുംബവുമാണ് പരാതിയുമായി കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മർദിക്കുകയും മുടി മുറിക്കുകയും ചെയ്തെന്നാണ് പെൺകുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. പൊലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. സുഹൃത്തിന്റെ വീട്ടിൽ പുസ്തകം മടക്കി നൽകാൻ പോയതായിരുന്നു കുട്ടി. ഇവിടെ വെച്ച് സുഹൃത്താണ് ഇവരുടെ സമ്മതത്തോടെ മുടി മുറിച്ചത്. വീട്ടുകാരുടെ ശകാരം ഭയന്നാണ് ആക്രമിക്കപ്പെട്ടെന്ന കഥയുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കൾ അകന്ന് കഴിയുകയായിരുന്നു. മാതാവിനും മുത്തശ്ശിക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പിതാവ് പറഞ്ഞയച്ചവരാണ് മർദിക്കുകയും മുടി മുറിക്കുകയും ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.