ഈ മൈതാനവും ചുറ്റുവട്ടവും നെഞ്ചിലേറ്റുന്നുണ്ട്, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കഥകൾ. അതിന്റെ അവശേഷിപ്പുകൾ മങ്ങിയും മാഞ്ഞും ഇപ്പോഴും ഇവിടെയുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ തൃശൂരിന്റെ ഈടുവെപ്പുകളായി ഇന്നും അതിനെ ഓർക്കുന്നവരുണ്ട്, അറിയാത്തവരും.
തൃശൂർ തേക്കിൻകാട് മൈതാനത്തിലെ മണികണ്ഠനാൽത്തറ സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ട്. ‘ബ്രിട്ടീഷുകാർ ഇന്ത്യ വിടുക’ എന്ന് ഈ ആൽത്തറക്കടുത്ത് ഒത്തുകൂടിയവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ കാലമുണ്ട്. അതിന്റെ ഫലമെന്നോണം ബ്രിട്ടീഷ് പൊലീസിന്റെ മർദനമേറ്റതിന്റെ ചോരപ്പാടുകൾ അലിഞ്ഞു ചേർന്ന മണ്ണാണത്.
1942 ആഗസ്റ്റ് 12ന് മണികണ്ഠനാല്‍ത്തറയിൽ ത്രിവർണ പതാക ഉയര്‍ത്താന്‍ ശ്രമിച്ച ചെറുപ്പക്കാരായ ഒരുപറ്റം സ്വാതന്ത്ര്യസമര സേനാനികളെ പൊലീസ് മാരകമായാണ് ആക്രമിച്ചത്. എന്നാൽ കത്തുന്ന യൗവനത്തിന്റെ സഹനഭാവവും ദേശത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള ദാഹവും അവരെ പിന്മാറ്റിയില്ല. ദേഹമാകെ അടിയേറ്റ് ചോരയൊലിപ്പിച്ച് അവർ പതാക ഉയർത്തി. പിൽക്കാലത്ത് തൃശൂരിന്റെയും കേരളത്തിന്റെ തന്നെയും ‘ലീഡർ’ ആയി മാറിയ കെ. കരുണാകരൻ ആ സംഘത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു.
ഐക്യകേരളം രൂപം കൊള്ളുന്നതിന് മുമ്പ് കൊച്ചി രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു തൃശൂർ. ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്നിടത്ത് മാത്രം സമരത്തിന് ഇറങ്ങിയാൽ മതിയെന്ന ഗാന്ധിയുടെ നിർദേശമുള്ളതിനാൽ തൃശൂരിൽ കോൺഗ്രസ് രൂപപ്പെട്ടിരുന്നില്ല. അക്കാലത്ത് തിരുവിതാംകൂറിലും മലബാറിലും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം മൂർച്ഛിച്ച് തുടങ്ങിയിട്ടുണ്ട്. ചുറ്റുപാടും തിളച്ച് മറിയുമ്പോൾ തൃശൂരിനും കണ്ടുനിൽക്കാൻ ആകുമായിരുന്നില്ല. സമരത്തിലേക്ക് തൃശൂരിന്റെ ക്ഷുഭിത യൗവനവും എടുത്തുചാടി. അതിന്റെ തുടർച്ചയായാണ് തൃശൂരിൽ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പിറവി. മണികണ്ഠനാൽത്തറയാണ് സമര പ്രതീകം. അഭിഭാഷകനും സോഷ്യലിസ്റ്റും കൊച്ചി പ്രധാനമന്ത്രിയും ആയിരുന്ന ഇക്കണ്ടവാര്യരും സഹകരണ പ്രസ്ഥാനത്തിന്റെ കാരണവരെന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട വി.ആർ. കൃഷ്ണൻ എഴുത്തച്ഛനും എസ്. നീലകണ്ഠയ്യരും കൊച്ചി രാജപരമ്പരയിലെ കണ്ണികൂടിയായ തൃശൂരിലെ ആദ്യ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും മറ്റും ചേർന്നാണ് പ്രജാമണ്ഡലം രൂപവത്കരിച്ചത്.
പനമ്പിള്ളിയും കരുണാകരനും മറ്റുമടങ്ങുന്ന ഒരു നിര സ്വാതന്ത്ര്യ സമരത്തിൽ തൃശൂരിന്റെ സന്തതികളായിരുന്നു. അന്നത്തെ ഒത്തുചേരൽ അധികവും മണികണ്ഠനാൽത്തറ കേന്ദ്രീകരിച്ചാണ്. ധനാഢ്യനായ തൃശൂർ പുത്തൻപേട്ട കിഴക്കേ അങ്ങാടി പൂവത്തിങ്കൽ സെബാസ്റ്റ്യൻ ക്രൈസ്തവർക്കിടയിൽനിന്ന് സ്വാതന്ത്ര്യ മോഹിയായി രംഗത്തെത്തിയ പലരിൽ പ്രധാനിയായിരുന്നു. സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് 1920ൽ ‘ലോകമാന്യ ബാലഗംഗാധരൻ’ പത്രം ഇറക്കിയത്. പത്രം പറഞ്ഞതും ആവശ്യപ്പെട്ടതും ഒറ്റ കാര്യമായിരുന്നു, രാജ്യത്തിന്റെ സ്വാതന്ത്ര്യം. ഒരു മുഖപ്രസംഗത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ കടുത്ത ഭാഷ പ്രയോഗിച്ചതോടെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് സെബാസ്റ്റ്യനെ ജയിലിൽ അടക്കുകയും പത്രം നിലക്കുകയും ചെയ്തു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനോടും പിതാവ് മോത്തിലാലിനോടും സരോജിനി നായിഡുവിനോടും ഏറെ അടുപ്പമുണ്ടായിരുന്ന സെബാസ്റ്റ്യനായിരുന്നു പലപ്പോഴും ഗാന്ധിയുടെ തൃശൂർ സന്ദർശനത്തിൽ വഴികാട്ടി. ലക്ഷ്യം പൂർത്തിയാക്കി പിരിച്ചുവിട്ട ആദ്യ സംഘടനയെന്ന വിശേഷണം കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന് അവകാശപ്പെട്ടതാണ്. സ്വാതന്ത്ര്യ ശേഷം പ്രജാമണ്ഡലം കോൺഗ്രസിൽ ലയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.