തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് കെ.എസ്.ആർ.ടി.സി വാങ്ങിയ രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. വോൾവോയുടെ സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് എത്തുന്നത്.
വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമിച്ച ഇന്ത്യയിലെ തന്നെ ആദ്യ എട്ടു സ്ലീപ്പർ ബസുകളാണ് ഈ മാസം കെ.എസ്.ആർ.ടി.സിക്ക് കൈമാറുന്നത്. വോൾവോ ബി 11ആർ ഷാസി ഉപയോഗിച്ച് നിർമിച്ച ബസുകളാണ് കെ.എസ്.ആർ.ടി.സി -സിഫ്റ്റിലേക്ക് വേണ്ടി എത്തുന്നത്. കൂടാതെ അശോക് ലൈലാന്‍റ് കമ്പനിയുടെ ലക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളും ഘട്ടംഘട്ടമായി രണ്ടുമാസത്തിനുള്ളിൽ കെഎസ്ആർടിസിക്ക് ലഭിക്കും.
കെ.എസ്.ആർ.ടി.സി -സിഫ്റ്റ് ഈ ബസുകൾ ഉപയോഗിച്ച് ദീർഘ ദൂര സർവിസുകൾ ആരംഭിക്കും. ഏഴു വർഷം കഴിഞ്ഞ കെ.എസ്.ആർ.ടി.സിയുടെ 704 ബസുകൾ ഘട്ടംഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകൾ എത്തുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് കെ.എസ്.ആർ.ടി.സി -സിഫ്റ്റാണ്. സിഫ്റ്റിലേക്ക് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാഗമായുള്ള റാങ്ക് ലിസ്റ്റ് ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാനേജ്മെന്‍റ് സ്ഥാപനങ്ങളിൽ പരിശീലനവും നൽകും. 2017ന് ശേഷം ആദ്യമായാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ കെ.എസ്.ആർ.ടി.സിക്കായി വാങ്ങുന്നത്.
നവീകരണവുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ നിന്നു 44.84 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ 100 പുത്തൻ ബസുകൾ പുറത്തിറക്കുന്നത്. ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി ആകർഷിക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി ടെന്റർ നിരക്കിൽ തന്നെ അധികമായി വാങ്ങാനുള്ള ഉത്തരവും സർക്കാർ നൽകിയിട്ടുണ്ട്. ഇതോടെ 116 ബസുകളാണ് സിഫ്റ്റിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.