കൂട്ടിക്കല്‍ (കോട്ടയം): പ്രളയം കവര്‍ന്ന ഇരുചക്രവാഹനം 563ാം ദിവസം മണ്ണിനടിയില്‍നിന്ന് ‘ഉയിർത്തെഴുന്നേറ്റ’തിന്റെ ആശ്ചര്യത്തിലാണ് കളപ്പുരക്കല്‍ സുരേഷും കുടുംബവും. 2021 നവംബര്‍ 16ന് കൂട്ടിക്കല്‍ -കൊക്കയാര്‍ മേഖലയെ പൂര്‍ണമായി കവര്‍ന്ന ഉരുള്‍പൊട്ടലിലാണ് സുരേഷിന്റെ ബൈക്ക് നഷ്ടപ്പെട്ടത്. അറ്റകുറ്റപ്പണി നടത്തുന്നതിനായി കൂട്ടിക്കലിലെ വര്‍ക്ഷോപ്പില്‍ നൽകിയതായിരുന്നു ബൈക്ക്.
ഇതിനിടെയുണ്ടായ പ്രളയത്തിൽ പുല്ലകയാര്‍ കവിഞ്ഞൊഴുകിയതോടെ വർക്ഷോപ്പിലെ ബൈക്കുകളെല്ലാം വെള്ളപ്പാച്ചിലിൽപ്പെട്ടു. വെള്ളം കുറഞ്ഞപ്പോള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
നാട്ടില്‍നിന്ന് ഒഴുകിപ്പോയ വിലപിടിപ്പുള്ള മിക്ക സാധനങ്ങളും പിന്നീട് പലര്‍ക്കും ലഭിച്ചത് ആലപ്പുഴയില്‍നിന്നാണ്. അതിനാല്‍ തന്റെ ബൈക്കും അങ്ങനെ പോയിട്ടുണ്ടാവുമെന്നും തിരികെക്കിട്ടാന്‍ സാധ്യതയില്ലെന്നുമാണ് സുരേഷും കുടുംബവും കരുതിയിരുന്നത്. എന്നാൽ, ചൊവ്വാഴ്ച കൂട്ടിക്കല്‍ ടൗണിന് സമീപം പുല്ലകയാറ്റില്‍ വെള്ളത്തിനടിയില്‍ പ്ലാസ്റ്റിക്കെന്ന് തോന്നിക്കുന്ന വസ്തു സമീപവാസികളായ മജീദിന്റെയും രാജുവിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ രണ്ടുപേരും ചേര്‍ന്ന് മണ്ണ് മാറ്റി.
അരക്കൊപ്പം ആഴത്തിൽ മണല്‍മാറ്റി ചെന്നപ്പോഴാണ് അത് ബൈക്കാണെന്ന് മനസ്സിലായത്. പിന്നീട് ഏറെനേരത്തെ പരിശ്രമത്തിനുശേഷം പുറത്തെടുത്തു. വലിയ കേടുപാട് സംഭവിക്കാത്തതിനാല്‍ ഉടന്‍തന്നെ ഉടമസ്ഥനെ അന്വേഷിച്ചു.
വിവരമറിഞ്ഞ് സുരേഷും എത്തി. ഒന്നരവര്‍ഷം മുമ്പ് നഷ്ടപ്പെട്ട തന്റെ പള്‍സര്‍ 220 ബൈക്കാണ് ഇതെന്ന് സുരേഷ് തിരിച്ചറിഞ്ഞു. കൊക്കയാര്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ ചായക്കട നടത്തുകയാണ് സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.