യാത്രക്കാരനെ മിന്നൽ വേഗത്തിൽ രക്ഷപ്പെടുത്തി ബസ് കണ്ടക്ടര്‍

ചവറ: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് ഡോർ തുറന്നു പുറത്തേക്ക് തെറിച്ചുവീഴാറായ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർക്ക് അഭിനന്ദനപ്രവാഹം. ചവറ-അടൂർ-പന്തളം റൂട്ടിൽ സർവിസ് നടത്തുന്ന സുനിൽ എന്ന പ്രൈവറ്റ് ബസിലെ കണ്ടക്ടർ മൺറോതുരുത്ത് സ്വദേശി ബിജിത്ത് ലാൽ ആണ് യാത്രക്കാരനായ യുവാവിനെ അപകടത്തിൽ നിന്നും രക്ഷിച്ച് താരമായത്.

ബസിന്‍റെ പിൻവശമുള്ള വാതിലിന് സമീപം നിൽക്കുകയായിരുന്ന യുവാവ് താഴെ വീണ ചില്ലറ എടുക്കുന്നതിനിടയിലാണ് ബസ് വളവ് തിരിഞ്ഞത്. പെട്ടെന്ന് തന്നെ ഇയാൾ പിടിവിട്ട് നിലതെറ്റി തെറിച്ചു വീഴുകയും ഡോർ പുറത്തേക്ക് തുറക്കുകയുമായിരുന്നു. ടിക്കറ്റ് കൊടുത്തുകൊണ്ട് നിന്ന കണ്ടക്ടർ ബിജിത് ലാൽ പെട്ടെന്ന് തന്നെ യുവാവിന്‍റെ കൈകളിൽ കടന്നുപിടിച്ച് ബസിനുള്ളിലേക്ക് തിരിച്ചെത്തിച്ചു. ഈ ദൃശ്യം ബസിലെ കാമറയിലൂടെ കണ്ട ബസ് ഉടമയാണ് വിഡിയോ പുറത്തുവിട്ടത്.

വിഡിയോ വൈറലായതോടെ ആർ.ടി.ഒ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയിൽപെട്ടു. പത്തനംതിട്ട ആർ.ടി.ഒയുടെ നിർദേശപ്രകാരം സ്ഥലം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ബിജിത്ത് ലാലിനെ പന്തളത്തുവെച്ച് ഷാൾ അണിയിച്ച് സ്വീകരിച്ചു. കുന്നത്തൂർ ജോയന്‍റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഭരണിക്കാവിലും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെത്തി മെമന്‍റോ നൽകി ആദരിക്കുകയും ചെയ്തു.

Tags:    
News Summary - The bus conductor rescued the passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.