മൂലമറ്റം: ഇടുക്കി വനത്തിൽ അപകടത്തിൽപെട്ട കാറിൽ നിന്ന് പരിക്കേറ്റവരെ രക്ഷിച്ചത് മലപ്പുറത്തെ വിനോദ സഞ്ചാരികൾ. ഇടുക്കി ഡാം കണ്ട് മടങ്ങിവരുകയായിരുന്ന മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനഞ്ചംഗ സംഘമാണ് ജീവൻ പണയപ്പെടുത്തി മൂന്നംഗ സംഘത്തെ രക്ഷപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് രക്ഷിച്ചവർ പറയുന്നത്: ഇടുക്കി ഡാം കണ്ട് തിരികെ വരുന്ന വഴിക്ക് ഒരു ഓട്ടോഡ്രൈവർ തങ്ങളുടെ വാഹനം കൈ കാണിച്ച് നിർത്തി ഒരു കാർ കൊക്കയിലേക്ക് വീണിട്ടുണ്ടെന്ന് പറഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോൾ 30 അടി താഴ്ചയുണ്ടായിരുന്നു. കൊക്കയിൽ ഇറങ്ങുക എന്നത് ദുഷ്കരമായി തോന്നിയെങ്കിലും വാഹനത്തിലുണ്ടായിരുന്ന തോർത്തും ഉടുമുണ്ടും മറ്റുമെല്ലാം കൂട്ടിക്കെട്ടി താഴോട്ട് ഇറങ്ങി. തെന്നിക്കിടന്ന പ്രദേശത്ത് പല തവണ വഴുതി വീണു. ഏറെ പ്രയാസപ്പെട്ട് കാറിലുണ്ടായിരുന്ന ഓരോരുത്തരെയും പുറത്തിറക്കി റോഡിലേക്ക് എത്തിച്ചു. ഇവരെ മറ്റൊരു വാഹനത്തില്‍ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് കയറ്റിവിട്ടു.
തുടർന്ന് തങ്ങൾ മലപ്പുറത്തേക്ക് യാത്ര തുടർന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കുന്ന സമയത്ത് റോഡിൽ നിന്നവരിൽ ആരോ പകർത്തിയ വിഡിയോ പ്രചരിച്ചതോടെയാണ് ഞായറാഴ്ച നടന്ന അപകടവിവരം പുറത്തറിയുന്നത്. സംഭവസമയം പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കാൻ വിനോദസഞ്ചാരികൾ ശ്രമിച്ചെങ്കിലും നെറ്റ് വർക്ക് ഇല്ലാത്തതിനാൽ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.