തിരുവനന്തപുരം: സോളോർ കേസ് പ്രതി സരിത എസ്. നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രക്തം, മുടി സാമ്പ്ള്‍ പരിശോധനക്കായി ഡൽഹിയിലെ നാഷനൽ ഫോറൻസിക് ലാബിലേക്കയച്ച് ക്രൈംബ്രാഞ്ച്. ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് സാമ്പ്ൾ ശേഖരിച്ചത്. മുൻ ഡ്രൈവർ വിനുകുമാർ രാസവസ്തു കലർത്തിയെന്നാണ് സരിതയുടെ പരാതി. കേരളത്തിൽ പരിശോധനക്ക് സൗകര്യമില്ലാത്തതിനാലാണ് ഡൽഹിയിലേക്കയച്ചത്. ശാരീരികമായി അവശനിലയിലായ സരിത ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്.ഗുരുതര ശാരീരിക പ്രശ്നങ്ങളുണ്ടായ സരിതയുടെ ഇടതുകണ്ണിന്റെ കാഴ്ച കുറഞ്ഞു.
ഇടതുകാലിനും സ്വാധീനക്കുറവുണ്ട്. പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനുകുമാർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഐ.പി.സി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനുകുമാറിന്റെ വീട്ടിലും പരിശോധന നടത്തി. വിനുകുമാറിന്റെ ഫോൺ രേഖകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.