തിരുവനന്തപുരം: സ്കാനിങ് സെന്‍ററുകളിലെ റേഡിയോളജിസ്റ്റുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം പലവിധ സമ്മർദങ്ങളാൽ കേരളത്തിൽ നടപ്പായില്ല. എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് ആറുമാസത്തെ കോഴ്സ് പൂർത്തിയാക്കിയാൽ സ്കാൻ ചെയ്യാമെന്നതായിരുന്നു കേന്ദ്ര നിർദേശം. പല സംസ്ഥാനങ്ങളും ഈ നിർദേശം സ്വീകരിച്ച് അതത് ആരോഗ്യ സർവകലാശാലകൾ വഴി ക്രമീകരണം ഏർപ്പെടുത്തിയെങ്കിലും കേരളത്തിൽ മാത്രം നടപ്പായില്ല. സ്കാനിങ് കേന്ദ്രങ്ങളുടെ എണ്ണം വർധിച്ചതോടെ, ഊഴം വെച്ചാണ് ഓരോ കേന്ദ്രത്തിലും റേഡിയോളജിസ്റ്റുകളെ എത്തിക്കുക. രണ്ടും മൂന്നും സെന്‍ററുകൾ ഒരു ഡോക്ടറെയാണ് ആശ്രയിക്കുന്നത്. ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. സെന്‍ററുകൾ ലാഭകേന്ദ്രീകൃതം കൂടിയാകുന്നതോടെ സ്കാനുകളുടെ എണ്ണം കൂടുകയും റേഡിയോളജിസ്റ്റ് ക്ഷാമം കാരണം റിപ്പോർട്ടുകളുടെ കൃത്യതയെ ബാധിക്കുകയും ചെയ്യാം.
അതേസമയം, എം.ബി.ബി.എസ് കഴിഞ്ഞുള്ള ആറുമാസത്തെ കോഴ്സ് നിലവിലെ കോഴ്സുകൾക്ക് തുല്യമാവില്ലെന്നതാണ് ഒരു വിഭാഗം റേഡിയോളജിസ്റ്റുകളുടെ വാദം. ‘അൾട്രാ സൗണ്ട് സ്കാൻ ചെയ്യാൻ മാത്രമുള്ള പരിശീലനമാണിത്. അതുകൊണ്ട് റേഡിയോളജിസ്റ്റായി പ്രാക്ടിസ് ചെയ്യാൻ കഴിയില്ല. ഇത് ട്രെയിനിങ്ങാണ്, കോഴ്സല്ലെന്നും’ ഇവർ കൂട്ടിച്ചേർക്കുന്നു. 1994 ലെ ലിംഗ നിർണയ നിരോധന നിയമപ്രകാരമാണ് (ദി പ്രീ കൺസപ്ഷൻ ആൻഡ് പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ്-1994) സംസ്ഥാനത്ത് സ്കാനിങ് സെന്‍റുകൾ പ്രവർത്തിക്കുന്നത്. കർശന വ്യവസ്ഥകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതെങ്കിലും ഇതേ ഗൗരവത്തിൽ നടപ്പാക്കാൻ ആരോഗ്യവകുപ്പിനും താൽപര്യമില്ല. നിരക്കിന്‍റെ കാര്യത്തിലും സർക്കാറിന് നിയന്ത്രണമോ മേൽനോട്ടമോ ഇല്ല. ഓരോ കേന്ദ്രത്തിലും ഓരോ നിരക്കാണ്. ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരം സർക്കാറിന് വേണമെങ്കിൽ നിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാം. പക്ഷേ, അതിനുള്ള ശ്രമങ്ങളുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.