കോഴിക്കോട്: അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കി നിയമ പരിരക്ഷയടക്കം ഉറപ്പാക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററുകളിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് ഏഴുമാസം.
14 ജില്ലകളിലായി പ്രവർത്തിക്കുന്ന നൂറ്റമ്പതോളം ജീവനക്കാർക്ക് മേയ് മുതലുള്ള വേതനമാണ് കുടിശ്ശികയുള്ളത്. ജീവനക്കാരുടെ യാത്രാബത്ത അടക്കമുള്ളവ ഒക്ടോബർ, നവംബർ മാസങ്ങളിലേതും ലഭിക്കാനുണ്ട്.
വേതനം ലഭിക്കാത്തതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ് ജീവനക്കാർ. പലരും ബസ് ടിക്കറ്റിനുള്ള തുകയടക്കം കടം വാങ്ങിയാണ് ഓഫിസിലെത്തുന്നത്. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് വേതനം കുടിശ്ശികയാവാൻ കാരണമെങ്കിലും, അതിക്രമത്തിനിരയാകുന്ന സ്ത്രീകളുടെ കണ്ണിരൊപ്പുന്ന ‘സഖി’മാരുടെ സങ്കടം സംസ്ഥാന സർക്കാറും കണ്ടില്ലെന്ന് നടിക്കുകയാണ്.
കേന്ദ്ര സർക്കാർ പിന്തുണയോടെ വനിത -ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ നിർഭയ സെൽ നോഡൽ ഏജൻസിയായി 2015ലാണ് സംസ്ഥാനത്തെ 14 ജില്ലകളിലും സഖി സെന്ററുകളാരംഭിച്ചത്.
ജില്ല കലക്ടർമാർ അധ്യക്ഷരായുള്ള മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെന്ററുകളിൽ അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസിലർ, ലീഗൽ അഡ്വൈസർ, കമ്പ്യൂട്ടർ ഓപറേറ്റർ എന്നിങ്ങനെ ഓരോ ആളുകളും രണ്ട് കേസ് വർക്കറും മൂന്നുവീതം സെക്യൂരിറ്റിക്കാരും മർട്ടിപർപ്പസ് ഹെൽപ്പർമാരുമാണുള്ളത്.
ഇവരുടെ വേതനത്തിന് ഒരോമാസവും ഒരു സെന്ററിന് 2.35 ലക്ഷം രൂപയാണ് ആവശ്യം. യാത്രാബത്ത, സെന്റർ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ എന്നിവക്കായി 25,000ത്തോളം രൂപ വേറെയും വേണം.
കേന്ദ്ര ഫണ്ട് വൈകുന്നതാണ് വേതന വിതരണം മുടങ്ങാൻ കാരണമെന്ന് നിർഭയ പ്രോജക്ട് സ്റ്റേറ്റ് കോഓഡിനേറ്റർ ശ്രീല മേനോൻ ‘മാധ്യമ’ത്തോട് പറഞ്ഞു. 2023 -24 സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ ഒട്ടും തുക അനുവദിച്ചിട്ടില്ല. ഇതാണ് വേതനത്തിൽ കുടിശ്ശികയുണ്ടാക്കിയത്.
2024 -25 സാമ്പത്തിക വർഷം ഇതുവരെ 1.33 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇത് കേവലം മൂന്നുമാസത്തേക്കുള്ള വേതനത്തിനേ തികയൂ. ആ തുക ഉപയോഗിച്ചാണ് കഴിഞ്ഞ സമ്പത്തിക വർഷത്തെ കുടിശ്ശിക തീർത്തതെന്നും ഫണ്ട് അനുവദിക്കാനായി കത്തിടപാടുകൾ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഞായർ അവധി പോലുമില്ലാതെ എല്ലാ ദിവസവും 24 മണിക്കൂറാണ് സേവനമെന്നതിനാൽ അഡ്മിനിസ്ട്രേറ്റർ അടക്കമുള്ള പലരും വീട്ടിൽപോലും പോവാതെ ജോലി ചെയ്തതിന്റെ വേതനമാണ് നൽകാത്തത് എന്നാണ് ജീവനക്കാർ പരാതി പറയുന്നത്.
ബലാത്സംഗം, ഗാർഹിക പീഡനം, ലൈംഗിക അതിക്രമം, സ്ത്രീധന പീഡനം, ദുർമന്ത്രവാദം, ശൈശവ വിവാഹം, മനുഷ്യ കടത്ത്, ലിംഗത്തിന്റെ പേരിൽ ഗർഭമലസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ അതിക്രമങ്ങൾ നേരിടുന്ന നൂറോളം പേർക്കാണ് ഓരോ മാസവും സഖി സെന്ററുകളിൽ കൗൺസലിങ്ങും മീഡിയേഷനും നിയമ പരിരക്ഷയും താമസസൗകര്യവും മരുന്നും ഭക്ഷണവുമെല്ലാം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.