ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019 ൽ ചാന്ദ്രയാൻ-2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയിൽ നിന്നുള്ള തിരിച്ചറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാൻഡ് ചെയ്യിപ്പിച്ചു. മുൻ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമാവുന്നത്. ചാന്ദ്രയാൻ-3 അതിനൊരു വലിയ ദൃഷ്ടാന്തമാണ്.

Full View

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചാന്ദ്രയാൻ-3 ന്റെ ഈ നേട്ടം. ഉന്നതമായ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സർവ്വതല സ്പർശിയായ പുരോഗതി സാധ്യമാവുകയുള്ളു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചാന്ദ്രയാൻ-3. ഈ നേട്ടത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്‌. സോമനാഥ്‌ ഉൾപ്പെടെ ഒരുകൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയർക്കും ഏറെ അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ.എസ്.ആർ.ഒ.ക്ക് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Full View



Tags:    
News Summary - The Chief Minister called it a brilliant chapter in the history of Indian space research

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.