മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ എസ്.സി-എസ്.ടി വിഭാഗങ്ങളെ പ്രാപ്തരാക്കുന്ന ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം(ആറ്റിങ്ങൽ): മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗങ്ങളെ പ്രാപ്തരാക്കുന്ന ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബൽ പ്ലസിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കെതിരായ ആക്രമണം വർധിച്ചു വരുമ്പോൾ കേരളത്തിൽ പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ പൊതുസമൂഹത്തോടൊപ്പം ചേർത്തുനിർത്തുന്നതിനും നിരന്തരം പരിശ്രമങ്ങൾ നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും അരികുവൽക്കരിക്കപ്പെട്ടവർക്ക് താങ്ങുംതണലുമായി മാറാൻ സംസ്ഥാന സർക്കാരിനു കഴിയുന്നുണ്ട്.

10 ബി.എക്കാരെ സ്വന്തം സമുദായത്തിൽ നിന്ന് കണ്ടിട്ട് മരിക്കണമെന്നാണ് അയ്യങ്കാളി ആഗ്രഹിച്ചത്. ആ കേരളത്തിൽ നിന്നും കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പട്ടികവിഭാഗങ്ങളിൽപ്പെട്ട 800 ഓളം വിദ്യാർഥികൾ സംസ്ഥാന സർക്കാർ നൽകുന്ന പൂർണ സ്‌കോളർഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിനായി വിദേശത്തേക്കു പോയി. പ്രതിവർഷം 72 പട്ടികവിഭാഗം കുട്ടികൾക്ക് എം.ബി.ബി.എസ് പ്രവേശനം ഉറപ്പാക്കുന്ന പാലക്കാട് മെഡിക്കൽ കോളജ് രാജ്യത്തിനുതന്നെ മാതൃകയാണ്.

പട്ടികവർഗക്കാരുടെ അടിസ്ഥാന രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള കേരളത്തിന്റെ 'എ. ബി. സി. ഡി' പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പുനൽകുന്ന 100 തൊഴിൽ ദിനങ്ങൾക്ക് പുറമെ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ അധികമായി നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതിയും മാതൃകാപരമാണ്.

വാസസ്ഥലത്തിന്റെ പ്രത്യേകതകളാൽ പൊതുസമൂഹത്തിൽ നിന്നും അകന്നു കഴിയുന്ന വിദൂര പിന്നാക്ക മേഖലകളിലെ ജനവിഭാഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയാസ് പദ്ധതിക്ക് യു.എന്നിന്റെ അന്തർദേശീയ പുരസ്‌കാരം ലഭിച്ചു.

എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. ഭൂരഹിത, ഭവനരഹിത പദ്ധതിപ്രകാരം ഈ സാമ്പത്തികവർഷം 647 പട്ടികജാതി കുടുംബങ്ങളിലെ ഭൂരഹിതർക്കും, ദുർബല വിഭാഗങ്ങൾക്കുള്ള വികസന പരിപാടികളിലുൾപ്പെടുത്തി മറ്റ് 221 പേർക്കും ഭവന നിർമാണത്തിനുള്ള ധനസഹായം നൽകി. 204 പേർക്ക് ഭവനപുനരുദ്ധാരണത്തിനുള്ള സഹായവും 14 പേർക്ക് ഭൂമിയും അനുവദിച്ചു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലൈഫ് മിഷൻ വഴി പട്ടികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പട്ടികവർഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷംകൊണ്ട് ലൈഫ് മിഷനിലൂടെ മാത്രം പട്ടികജാതി വിഭാഗക്കാരുടെ 1,12,383 ഭവനങ്ങളുടെയും പട്ടികവർഗ വിഭാഗക്കാരുടെ 42,591 ഭവനങ്ങളുടെയും നിർമ്മാണമാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസികൾക്ക് 100 ദിവസം കൂടി അധിക തൊഴിൽ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ട്രൈബൽ പ്ലസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിച്ച അഗളി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പുതൂർ, ആറളം ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം മൂന്ന്, രണ്ട് ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും ലഭിച്ചു. ആറ്റിങ്ങൽ എസ്.എസ്. പൂജ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിച്ചു.

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ 16 വരെയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിക്കുന്നത്. 'മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി' എന്നതാണ് ഈ വർഷത്തെ പ്രമേയം.

Tags:    
News Summary - The Chief Minister said that interventions are being made to enable the SCST groups to move forward with the changing world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.