തളിപ്പറമ്പ്: ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ വ്യാപകമായി ചോർന്നത് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായിട്ടില്ലെന്നും തോല്‍വിക്ക് പല കാരണങ്ങളുമുണ്ടെങ്കിലും ന്യൂനപക്ഷവോട്ട് സമാഹരിക്കാന്‍ കഴിയാത്തതാണ് മുഖ്യകാരണമായതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പ്രതിനിധികളുടെ വിമർശനത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പലതവണ ചര്‍ച്ച ചെയ്തതാണ്. വീണ്ടും ഇക്കാര്യം ഉന്നയിക്കേണ്ടതില്ല. ജില്ല സെക്രട്ടറിമാരെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാളിച്ചയില്ല. പൗരത്വ ഭേദഗതി-ഫലസ്തീൻ ഐക്യദാർഢ്യ വിഷയങ്ങളിൽ പാര്‍ട്ടി നിലപാട് തെറ്റിദ്ധരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ജില്ല സെക്രട്ടറിമാരെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണമായെന്നാണ് പ്രതിനിധികൾ വിമർശി ച്ചത്. വിജയം ഉറപ്പായിരുന്ന കാസര്കോടുപോലും തോല്ക്കാന് ഇതു കാരണമായെന്നും കുറ്റപ്പെടുത്തി. ഏത് സെക്രട്ടറിയാണ് മോശക്കാരൻ, എം.വി. ജയരാജനോ എം.വി. ബാലകൃഷ്ണനോ ടീച്ചറമ്മയോ എന്നാണ് മുഖ്യമന്ത്രി തിരിച്ചുചോദിച്ചത്. വടകരയിൽ സ്ഥാനാർഥിയായി മത്സരിച്ച കെ.കെ. ശൈലജയെ ടീച്ചറമ്മയെന്ന് വിശേഷിപ്പിച്ചത് കൗതുകമായി.പി. ജയരാജനെതിരെ കണ്ണൂർ ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകിയതായും മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരായ പരാതി സംസ്ഥാന സമിതി മുമ്പാകെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.