മമ്പാട് (മലപ്പുറം): ഭക്ഷണം നൽകാതെയും ക്രൂരമായി മർദിച്ചും ദമ്പതികൾ പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പട്ടിണി കിടന്ന് അവശ നിലയിലായിരുന്നു അഞ്ചര വയസ്സുള്ള പെൺകുട്ടിയും മൂന്ന് വയസ്സുള്ള ആൺകുട്ടിയും. പതിവായി വീടിനുള്ളിൽ അടച്ചിട്ട് പോകുന്ന പിതാവും കുട്ടികളുടെ അമ്മയുടെ സഹോദരിയും ഇവർക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ല.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ദേഹത്ത് മുഴുവൻ അടിയേറ്റ പാടുകൾ കണ്ടെത്തി. പിതാവ് തമിഴ്നാട് വിരുതാചലം സ്വദേശി തങ്കരാജ്, ഭാര്യ മാരിയമ്മ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുവൈനൽ ജസ്റ്റിസ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൂലിപ്പണിക്കാരായ ഇവർ വാടകവീട്ടിലാണ് താമസിക്കുന്നത്. കുട്ടികളുടെ അമ്മ മഹേശ്വരി മരിച്ച ശേഷം തങ്കരാജ് അവരുടെ സഹോദരിയായ മാരിയമ്മയെ വിവാഹം കഴിക്കുകയായിരുന്നു.
പീഡനം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശി നാട്ടുകാരെ വിവരമറിയിച്ചത്. പഞ്ചായത്ത് അധികൃതരെത്തി പൂട്ട് പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടത്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ അവശരായ ഇവർ നേരെ നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഇളയ കുട്ടിക്ക് കണ്ണ് തുറക്കാൻ പോലും പറ്റിയിരുന്നില്ല. കുട്ടികളെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിച്ച് വെള്ളവും ബിസ്കറ്റും മറ്റും നൽകിയതോടെയാണ് നില അൽപം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും കുട്ടികൾ ഇവരുടേത് തന്നെയാണോ എന്നുറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിൽ കുട്ടികൾ തങ്ങളുടേത് തന്നെയാണെന്നും പുറത്തിറങ്ങി പോകാതിരിക്കാനാണ് പൂട്ടിയിട്ടതെന്നും രക്ഷിതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.