തിരുവനന്തപുരം: ജല അതോറിറ്റിയിൽ ശമ്പള പരിഷ്കരണമടക്കം ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു സമരം തുടങ്ങി. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ ആരുടെയും ഔദാര്യമല്ലെന്നും 'തങ്ങളെല്ലാം മഹാ പണ്ഡിതന്മാരാണ്, തങ്ങൾ പറയുന്നതാണ് ശരി' എന്ന ധാരണ വെച്ചുപുലർത്തിയാൽ സമരങ്ങളുണ്ടാകുമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച സമരം ഉദ്ഘാടനം ചെയ്യവെയാണ് വിമർശനം.
സർക്കാറിനെ വികൃതമാക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥരും ചുമതലപ്പെട്ടയാളുകളും ശ്രമിച്ചാൽ അതിനെ തിരുത്തിക്കാനുള്ളത് കൂടിയാണ് ഈ സമരം. 'ഞങ്ങൾ യജമാനന്മാരാണ്, ഞങ്ങൾ കൽപിക്കും, തൊഴിലാളികൾ അടിമകളാണ്' എന്നത് രണ്ട് നൂറ്റാണ്ട് മുമ്പത്തെ മനോഭാവമാണ്. ആ മനോഭാവം മാറ്റുന്നതിന് എണ്ണമറ്റ പോരാട്ടങ്ങളിലൂടെ രക്തസാക്ഷികളായവരുടെ പിന്മുറക്കാണ് ഇപ്പോഴത്തെ തൊഴിലാളികൾ.
തൊഴിലാളികളുമായി സൗഹാർദപൂർവം ചർച്ച ചെയ്ത് പരിഹാരം കാണാനുള്ള മഹാമനസ്കത അധികാരികൾ കാട്ടണം. കെ.എസ്.ആർ.ടി.സിയിലും കെ.എസ്.ഇ.ബിയിലും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ സമരത്തിലാണ്. സി.ഐ.ടി.യുവിന്റെ കൊടിപിടിച്ച് ഇടതുസർക്കാറിനെതിരെ സമരം ചെയ്യാമോയെന്ന് പലരും സംശയമുന്നയിക്കുന്നുണ്ട്. സർക്കാറിനെതിരല്ല സമരം. എൽ.ഡി.എഫിനെതിരായ സമരമാണെന്ന് വരുത്താനുള്ള ശ്രമം തെറ്റാണ്- ആനത്തലവട്ടം കൂട്ടിച്ചേർത്തു. അഞ്ച് ദിവസമാണ് സത്യഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.