ബദിയടുക്ക: വൈദ്യുതി ബില്ലടക്കാത്തതുകാരണം ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കുടിവെള്ളം മുടങ്ങിയ ബദിയടുക്ക പഞ്ചായത്തിലെ ഏണിയര്‍പ്പ് കുടിവെള്ളപദ്ധതിയുടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കലക്ടർ ഇടപെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത വിഷയത്തില്‍ ഇടപെടുകയും ജില്ല കലക്ടറെ നേരില്‍കണ്ട് സംഭവം വിവരിക്കുകയും ചെയ്തു. ഇതോടെയാണ് കലക്ടര്‍ കെ. ഇമ്പശേഖര്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്ന് സീതാംഗോളി സെക്ഷന്‍ അസി. എന്‍ജിനീയറോട് നിര്‍ദേശിച്ചത്. ഇവിടെ പമ്പ് ചെയ്ത് കുടിവെള്ളവിതരണം തുടങ്ങി.
2006 ജൂൺ 17 മുതല്‍ 2008 ജൂലൈ 14വരെയുള്ള ബിൽ കുടിശ്ശികയായതിനെ തുടര്‍ന്നാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. പഞ്ചായത്തിലെ 16ാം വാര്‍ഡായ ബിര്മിനഡുക്ക, 17ാം വാര്‍ഡായ മല്ലഡ്ക്ക എന്നിവിടങ്ങളിലുള്ളവർക്കാണ് പദ്ധതിയിലൂടെ കുടിവെള്ളം കിട്ടിയിരുന്നത്. ഇവര്‍ക്ക് കുടിവെള്ളം കിട്ടുന്നതിനുള്ള ഏക സ്രോതസ്സ് ഈ പദ്ധതിയാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കെ.എസ്.ഇ.ബി സീതാംഗോളി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ക്ക് കലക്ടർ നിര്‍ദേശം നല്കി. കുടിവെള്ളം മുടങ്ങിയകാര്യത്തിൽ അധികാരികൾ കണ്ണ് തുറക്കണമെന്ന് ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. എന്നാൽ, വാർത്ത ശരിയല്ലെന്നവാദം പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായി.
കേരള ജല അതോറിറ്റിയുടെ കീഴിലുണ്ടായിരുന്ന പദ്ധതി 2003ല്‍ പഞ്ചായത്ത് ഭരണസമിതി ഏറ്റെടുക്കുകയായിരുന്നു. വൈദ്യുതി ബിൽ കുടിശ്ശികയും മറ്റ് അറ്റകുറ്റപ്പണികളുമുള്പ്പെടെയാണ് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്. പദ്ധതിയുടെ വൈദ്യുതി ബില്‍ കുടിശ്ശികയായ നാലു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍നിന്ന് അടച്ചുതീര്‍ത്ത് പദ്ധതിയുടെ നടത്തിപ്പിനായി ജനകീയസമിതിയും രൂപവത്കരിച്ചിരുന്നു. അതുവരെയുള്ള വൈദ്യുതി ബില്‍ പഞ്ചായത്ത് അടക്കുമെന്നും തുടര്‍ന്നുള്ള ബിൽ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അടക്കണമെന്നുമായിരുന്നു ധാരണ. ഇതുപ്രകാരം 2007ല്‍ ജനകീയസമിതി ഏറ്റെടുത്തതിനുശേഷമുള്ള ബില്‍ കൃത്യമായി അടിച്ചിരുന്നതായി സമിതി ഭാരവാഹികള്‍ പറയുന്നു. കുടിവെള്ളപദ്ധതിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കുടിശ്ശികയുടെ കാര്യം നിലവിലെ ഭരണസമിതി അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.