അട്ടപ്പാടി കതിരംപതി ഊരിലെ തമണ്ടന്റെ അവകാശികൾക്ക് ഭൂമി തിരിച്ചു നൽകണമെന്ന് കലക്ടർ

കോഴിക്കോട്: അട്ടപ്പാടി കതിരംപതി ഊരിലെ തമണ്ടന്റെ അവകാശികൾക്ക് ഭൂമി തിരിച്ചു നൽകണമെന്ന് പാലക്കാട് കലക്ടർ ഡോ.എസ്. ചിത്ര. 1999 ലെ നിയമപ്രകാരം ആദിവാസിഭൂമിയിൽ രണ്ട് ഹെക്ടറിൽ കവിഞ്ഞ വിസ്തീർണ്ണമുള്ള ഭൂമിയുടെ ഏതൊരു കൈമാറ്റവും അസാധുവാണ്. അതിനാൽ അഗളി വില്ലേജിലെ സർവേ നമ്പർ 1464/1.2, 1467/5.6 എന്നിവയിൽ ഉൾപ്പെട്ട ലിങ്കൺ അബ്രഹാം, ഷാജൻ കെ വർഗീസ് എന്നിവരുടെ കൈവശമുള്ള ഭൂമിയിൽ അഞ്ച് ഏക്കർ കൈവശം വെക്കുവാൻ അനുവാദം നൽകി. ബാക്കി ഭൂമി പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട തമണ്ടന്റെ അവകാശികൾക്ക് പുന.സ്ഥാപിച്ച് നൽകണമെന്നാണ് കലക്ടറുടെ ഉത്തരവ്. തമണ്ടൻറെ മകൾ രങ്കിയുടെ മകനായ പഴനിസ്വാമിയാണ് വിചാരണക്ക് ഹാജരായത്.

കതിരംപതി ഊരിലെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട തമണ്ടൻ അഗളി വില്ലേജിലെ എട്ട് ഏക്കർ ഭൂമി അന്യാധീനപ്പെട്ടത് പുന.സ്ഥാപിച്ച് തരണമെന്ന് ആവശ്യപ്പെട്ടാണ് 1975 ലെ പ്രകാരം അപേക്ഷ സമർപ്പിച്ചത്. അതിൽ ഇരു കക്ഷികളെ കേട്ടതിന് ശേഷം 6.90 ഏക്കർ പരാതിക്കാരന് പുനഃസ്ഥാപിച്ച് നൽകുന്നതിന് ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസർ 1995 ൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പിലായില്ല. 1999 ലെ നിയമം നിലവിൽ വന്നതോടെ 1975 ലെ നിയമം റദ്ദായി.

തുടർന്ന് കേസ് പുനഃപരിശോധിച്ചു. ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസർ ഇരു കക്ഷികളെയും വിചാരണ നടത്തിയതിന്റെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചു. 1999 ലെ നിയമ പ്രകാരം അഞ്ച് ഏക്കർ വരെയുള്ള ഭൂമി കൈമാറ്റം സാധുവാണ്. അതിനാൽ അഗളി വില്ലേജിലെ സർവേ നമ്പർ 1464/12 1467/5,6 എന്നിവയിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഭൂമി നിലനിർത്തുവാൻ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് അനുവാദം നൽകി. ബാക്കി ഭൂമി പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട തമണ്ടന് പുനഃസ്ഥാപിച്ച് നൽകുന്നതിന് 2014 ൽ ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവിച്ചു.

ഈ ഉത്തരവിനെതിരെ ലിങ്കൻ അബ്രഹാം, ഷാജൻ കെ വർഗീസ് എന്നിവർ കലക്ടർക്ക് അപ്പീൽ അപേക്ഷ നൽകി. തുടർന്ന് 2022 ആഗസ്റ്റ് 10നും മെയ് 29 നും നടത്തിയ വിചാരണയിൽ ലിങ്കൺ അബ്രഹാം, ഷാജൻ വർഗീസ് എന്നിവർക്ക് വേണ്ടി അഡ്വക്കേറ്റ് ഹാജരായി. തമണ്ടന് ഭൂമിയിൽ വെറുമ്പാട്ടാവകാശം മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ വസ്തു കൈമാറിയ ജോർജിന് ലാൻഡ് ട്രൈബ്യൂണലിൽ നിന്നും കൈവശാവകാശം ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകി.

പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട തമണ്ടൻറെ മകൾ രങ്കിയുടെ മകനായ പഴനിസ്വാമി ഹാജരായി. കക്ഷികളെ മൊഴികളും ഒറ്റപ്പാലം സബ് കലക്ടറുടെ കാര്യാലയത്തിലെ ഫയലും പരിശോധിച്ചതിൽ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട തമണ്ടൻ രണ്ട് ആധാരങ്ങളിലൂടെ 6.5 ഏക്കർ ഭൂമി കൈമാറിയെന്ന് വ്യക്തമായി. ഈ ഭൂമി പിന്നീട് ജോർജിന്റെ കൈവശം വന്നു ചേരുന്നു. ജോർജ്ജ് അഗളി ലാൻഡ് ട്രൈബ്യൂണലിൽ നിന്നും 7.89 ഏക്കർ ഭൂമിക്ക് പട്ടയം സമ്പാദിച്ചു. ഈ ഭൂമിയിൽ 6.69 ഏക്കർ ഭൂമി അഗളി സബ് രജിസ്ട്രാർ ഓഫീസിലെ 2008 ലെ രണ്ട് ആധാരങ്ങൾ പ്രകാരം സജി.പി.ഐപ്, ലിങ്കൺ അബ്രഹം എന്നിവർക്ക് കൈമാറി.

പിന്നീട് സജി.പി.ഐപ് അവകാശം 2009ൽ ഷാജൻ വർഗീസിന് കൈമാറി. ടി.എൽ.എ കേസുണ്ടായിരുന്ന ഭൂമിയാണ് കൈമാറ്റങ്ങളിലൂടെ ലിങ്കൺ അബ്രഹാം, ഷാജൻ കെ. വർഗീസ് എന്നിവരുടെ കൈവശം എത്തിയത്. വിചാരണയിലും രേഖകൾ പരിശോധിച്ചതിലും പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട തമണ്ടന്റെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ലിങ്കൺ അബ്രഹാം, ഷാജൻ കെ. വർഗീസ് എന്നിവരുടെ കൈവശം എത്തിയതെന്ന് വ്യക്തമായി. അതിനാൽ ലിങ്കൺ അബ്രഹാം, ഷാജൻ കെ. വർഗീസ് എന്നിവരുടെ അപ്പീർ അപേക്ഷ നിരസിച്ചു. 1999 ലെ നിയമപ്രകാരം അഞ്ച് ഏക്കറിൽ അധികമുള്ള ആദിവാസികൾക്ക് തിരിച്ചു നൽകണമെന്നാണ് കലക്ടറുടെ ഉത്തരവ്. അട്ടപ്പാടി ഭൂരേഖ തഹസിൽദാരാണ് ഉത്തരവ് നടപ്പാക്കേണ്ടത്. 

Tags:    
News Summary - The collector wants to return the land to the heirs of Tamandan in Attappadi Kathirampathi Ur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.