മലയാള സിനിമ: പവർ ഗ്രൂപ്പുണ്ടെന്ന്‌ ആദ്യം പറഞ്ഞത്‌ കോംപറ്റീഷൻ കമീഷൻ

തിരുവനന്തപുരം: ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതിനു പിന്നാലെ ഏറെ ചർച്ചയാകുന്നത്‌ ഏഴു വർഷം മുമ്പ് വന്ന കോംപറ്റീഷൻ കമീഷൻ റിപ്പോർട്ട്‌. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർ ഗ്രൂപ് പരാമർശമാണ്‌ കോംപറ്റീഷൻ കമീഷനെ വീണ്ടും സജീവ ചർച്ചയാക്കുന്നത്‌. തന്നെ ഒതുക്കാൻ ശ്രമിച്ച താരങ്ങൾക്കും സംഘടനകൾക്കുമെതിരെ സംവിധായകൻ വിനയൻ നൽകിയ കേസിലാണ്‌ കോംപറ്റീഷൻ കമീഷൻ മലയാള സിനിമയെ നിയന്ത്രിക്കുന്ന ഗൂഢസംഘങ്ങളെക്കുറിച്ചും അപ്രഖ്യാപിത വിലക്കിന്റെ ആസൂത്രിത നീക്കങ്ങളെക്കുറിച്ചും പറഞ്ഞിരിക്കുന്നത്‌.

വിനയനുമേൽ സിനിമ സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ വിധി വന്നത് 2017ലാണ്. ഈ വിധിപ്പകർപ്പിലാണ് മലയാള സിനിമയെ നിയന്ത്രിക്കുന്ന ലോബിയെക്കുറിച്ച് പേരെടുത്ത് പരാമർശമുള്ളത്.

പുതിയ അഭിനേതാക്കളെ വെച്ച് കുറഞ്ഞ ബജറ്റിൽ സിനിമ ചെയ്യാനായി വിനയൻ തുടങ്ങിയ സിനിമാ ഫോറം എന്ന സംഘടനയെ തങ്ങൾക്ക്‌ ഭീഷണിയാകുമെന്ന്‌ കണ്ട്‌ മമ്മൂട്ടിയും മോഹൻലാലും ദിലീപും ചേർന്ന് തകർത്തെന്നാണ്‌ തെളിവുകളുടെ അടിസ്ഥാനത്തിൽ കമീഷൻ കണ്ടെത്തിയത്‌.

വിനയന്റെ സിനിമകളിൽ നിന്ന് പല നിർമാതാക്കളും പിന്മാറാൻ കാരണം സംവിധായകരായ ബി. ഉണ്ണിക്കൃഷ്ണനും സിബി മലയിലും അമ്മ ഭാരവാഹിയായ ഇടവേള ബാബുവും ചെലുത്തിയ സമ്മർദമാണെന്നും പറയപ്പെടുന്നു. വിലക്ക് ലംഘിച്ച് വിനയന്റെ സിനിമയിൽ അഭിനയിച്ച തിലകനെ അമ്മയിൽ നിന്ന് പുറത്താക്കി. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽനിന്ന് തിലകനെ വിലക്കിയതിനു പിന്നിൽ ഫെഫ്‌കയാണെന്ന്‌ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്‌.

നടൻ ക്യാപ്‌റ്റൻ രാജുവിനെ വിളിച്ചുവരുത്തി വിനയന്റെ സിനിമയിൽ അഭിനയിച്ചതിന്‌ വിശദീകരണം ചോദിച്ചു. വിനയന്റെ സിനിമക്ക് പണം മുടക്കാനെത്തിയ ആളെ പിന്തിരിപ്പിച്ചത്‌ അമ്മയും ഫെഫ്‌കയും ചേർന്നാണ്‌. 2014ൽ വിനയനുമായി സിനിമ ചെയ്യാനെത്തിയ നിർമാതാവിനെ മടക്കിയയച്ചത്‌ സിബി മലയിലും ഇടവേള ബാബുവും ചേർന്നാണ്. മുതിർന്ന നടൻ മധുവിനെ പിന്തിരിപ്പിച്ചത് ഫെഫ്‌ക സംഘമാണെന്നും വിധിപ്പകർപ്പിൽ പറയുന്നു.

എന്നാൽ, മധുവിനെ പിന്തിരിപ്പിച്ചതിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്‌ ബി. ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞ വാദവും റിപ്പോർട്ടിലുണ്ട്‌. നടൻ ജയസൂര്യയെ വിനയനുമായി സിനിമകൾ ചെയ്യരുതെന്ന് ഉപദേശിച്ചത്‌ സിബി മലയിലും ബി. ഉണ്ണിക്കൃഷ്‌ണനും ചേർന്നാണ്. വിനയന്റെ സിനിമയിൽ അഭിനയിക്കുന്നവർക്ക്‌ അപ്രഖാപിത വിലക്കുണ്ടായിരുന്നതായി ജയസൂര്യ പറഞ്ഞതായും വിധി പകർപ്പിലുണ്ട്‌.

Tags:    
News Summary - The Competition Commission of India was the first to say that there was a power group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.