കായംകുളം: കെ.എസ്.ആർ.ടി.സി കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്ന് വീണ് യാത്രക്കാരന് പരിക്ക്. ഝാർഖണ്ഡ് സ്വദേശിയായ അനിലിനാണ് (31) തലക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
തിരുവല്ലയിൽ ഹോട്ടൽ ജീവനക്കാരനായ അനിൽകുമാർ കൃഷ്ണപുരത്ത് സുഹൃത്തിനെ സന്ദർശിച്ച ശേഷം തൃശൂരിലേക്ക് പോകാനായാണ് ബസ് സ്റ്റാന്‍ഡിൽ എത്തിയത്. ബസുകളുടെ വിവരം തിരക്കാനായി അന്വേഷണ വിഭാഗത്തിൽ എത്തിയപ്പോഴായിരുന്നു കെട്ടിടത്തിന്‍റെ മുകൾ ഭാഗം അടർന്ന് തലയിലേക്ക് വീണത്. സാരമായി പരിക്കേറ്റ ഇയാളെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അര നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന് താഴെ വിശ്വസിച്ച് നിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് യാത്രക്കാരുടെ ആരോപണം. കോൺക്രീറ്റ് പാളികളായി അടർന്നുവീഴുന്നത് പതിവ് സംഭവമാണെന്നും യാത്രക്കാർ പറയുന്നു. സ്ഥിരം യാത്രികർ ഇത് മനസിലാക്കുന്നതിനാലാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്. ആദ്യമായി സ്റ്റാൻറിൽ എത്തുന്നവർ മിക്കപ്പോഴും അപകടത്തിന് ഇരയാകുന്നുണ്ടെന്നും അവർ പറഞ്ഞു.
ജീർണാവസ്ഥയിലായ കെട്ടിടം പുതുക്കി പണിയണമെന്ന വർഷങ്ങളായ ആവശ്യം വാഗ്ദാനങ്ങളിൽ പരിമിതപ്പെടുകയാണെന്ന് യാത്രികർ പരാതിപ്പെട്ടു. ഏറെ വരുമാനം കിട്ടുന്ന ഷോപ്പിങ് കോംപ്ലക്സ് അടക്കമുള്ള സാധ്യതകളും കടലാസിൽ മാത്രമായി അവശേഷിക്കുകയാണെന്നും ദേശീയപാത, കെ.പി റോഡ്, കോടതി റോഡ് എന്നിവ കടന്നുപോകുന്ന ഭാഗത്തെ മൾട്ടി ഷോപ്പിങ് കോംപ്ലക്സിനുള്ള സാധ്യത അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.