ഇ​ടു​ക്കി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​​ കെ​ട്ടി​ട സ​മു​ച്ച​യം

ഈ മെഡിക്കൽ കോളജ് എന്ന് നന്നാകും?

തൊടുപുഴ: അംഗീകാരത്തിനുള്ള നടപടികൾ ഓരോ വർഷവും നീളുന്നു, ആവശ്യത്തിന് ജീവനക്കാരില്ലാതെ ചികിത്സ സംവിധാനങ്ങൾ താളം തെറ്റുന്നു, അനുകൂലമല്ലാത്ത റിപ്പോർട്ട് ദേശീയ മെഡിക്കൽ കമീഷന് നൽകി മെഡിക്കൽ കോളജിനെ ഇല്ലാതാക്കാൻ ഉന്നതതലത്തിൽതന്നെ കരുനീക്കം, നിയമിക്കപ്പെടുന്ന ഡോക്ടർമാർ ഇടുക്കിയിൽ ജോലി ചെയ്യാൻ മടിച്ച് മുങ്ങി നടക്കുന്നു.

ഇടുക്കിയുടെ പ്രതീക്ഷയായ ഗവ. മെഡിക്കൽ കോളജിന്‍റെ അവസ്ഥയാണിത്. പാരാമെഡിക്കൽ ജീവനക്കാരുടെ കുറവുമൂലം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്തത്ര പ്രതിസന്ധിയിലാണിപ്പോൾ മെഡിക്കൽ കോളജ്. അടിസ്ഥാനസൗകര്യങ്ങൾപോലും ഇവിടെയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

ആവശ്യമായതിന്‍റെ പകുതി മാത്രമേ നിലവിൽ പാരാമെഡിക്കൽ ജീവനക്കാരുള്ളു. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ്, ഫാർമസി, ലാബ്, സി.ടി സ്കാൻ, റേഡിയോഗ്രഫി, എക്സ്റേ വിഭാഗങ്ങളിലെല്ലാം ജീവനക്കാരുടെ കുറവുണ്ട്. സ്റ്റാഫ് നഴ്സുമാർ 39 പേരും നഴ്സിങ് അസിസ്റ്റന്‍റുമാർ 23 പേരും കുറവാണ്. റേഡിയോഗ്രാഫർ 12 പേരുണ്ടായിരുന്നത് ഏഴായി കുറഞ്ഞു.

ഇ.സി.ജിയിൽ അഞ്ച് പേരുണ്ടായിരുന്നത് രണ്ടായി. ലാബിൽ മൂന്ന് ജീവനക്കാരുടെ കുറവുണ്ട്. ആവശ്യത്തിന് പാരാമെഡിക്കൽ ജീവനക്കാരില്ലാത്തതിനാൽ പുതിയ കെട്ടിടത്തിൽ കിടത്തിച്ചികിത്സ തുടങ്ങാനാകുന്നില്ല. 24 മണിക്കൂറുമുണ്ടായിരുന്ന എക്സ്റേ, അൾട്രസൗണ്ട്, ഫാർമസി, ഇ.സി.ജി തുടങ്ങി പല വിഭാഗങ്ങളുടെയും പ്രവർത്തനം ഭാഗികമായി ചുരുങ്ങി.

ആരോഗ്യ മന്ത്രി, ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കലക്ടർ എന്നിവരെയെല്ലാം പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല. രേഖകൾ പ്രകാരം ഡോക്ടർമാരുടെ കുറവില്ല. പക്ഷേ നിയമിക്കപ്പെട്ട പലർക്കും ഇടുക്കിയിലെത്തി ജോലി ചെയ്യാൻ സമ്മതമല്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവർ ജോലിക്കെത്തുക. ഉള്ള ജീവനക്കാർ നിയമാനുസൃത അവധിപോലും എടുക്കാതെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ്.

അംഗീകാരം ഇനിയും അകലെ

2014 ജൂലൈയിൽ പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളജിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ എം.ബി.ബി.എസ് പ്രവേശനം മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ മെഡിക്കൽ കമീഷൻ അംഗങ്ങൾ മെഡിക്കൽ കോളജ് സന്ദർശിച്ചിരുന്നു. അധ്യാപകരുടെയും ഡോക്ടർമാരുടെയും കുറവടക്കം ന്യൂനതകൾ ചൂണ്ടിക്കാട്ടി അംഗീകാരം നൽകാനാവില്ലെന്നറിയിച്ച് കമീഷൻ കത്തയച്ചു. അപാകതകൾ പരിഹരിക്കാൻ 15 ദിവസത്തെ സമയവും അനുവദിച്ചു. അപാകതകൾ പരിഹരിച്ച് വിശദ റിപ്പോർട്ട് കമീഷന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ മേയ് അവസാനത്തോടെ തീരുമാനമാകുമെന്നും അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.

മുൻ വർഷങ്ങളിൽ യഥാസമയം അപേക്ഷ സമർപ്പിക്കുന്നതിലും അപാകതകൾ പരിഹരിക്കുന്നതിലുമുണ്ടായ വീഴ്ചയാണ് അംഗീകാരം വൈകാൻ കാരണം. വിരമിച്ച ഒരു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ദേശീയ കമീഷന് നൽകിയ റിപ്പോർട്ടുകളത്രയും മെഡിക്കൽ കോളജിന് പ്രതികൂലമായിരുന്നു. അല്ലെങ്കിൽ നിലവിലെ സൗകര്യങ്ങൾ വെച്ച് നാലുവർഷം മുമ്പ് അംഗീകാരം കിട്ടേണ്ടതായിരുന്നെന്നാണ് പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കമീഷൻ അംഗങ്ങൾ പരിശോധനക്ക് വരുമ്പോൾതന്നെ അധ്യാപകരുടെയും ഡോക്ടർമാരുടെയും കുറവ് ഉണ്ടായിരുന്നു. അത് പരിഹരിക്കുമെന്ന് കൃത്യമായ ഉറപ്പ് ബന്ധപ്പെട്ടവർ നൽകിയിരുന്നെങ്കിൽ ഇതിനകം അംഗീകാരം ലഭിക്കുമായിരുന്നു. ഒരിക്കലും വരില്ലെന്ന് ഉറപ്പുള്ളവരെയാണ് പലപ്പോഴും ഇടുക്കി മെഡിക്കൽ കോളജിലേക്ക് നിയമിക്കുന്നത്. ഇതുമൂലം അംഗീകാരം നേടിയെടുക്കാനുള്ള നടപടി പലപ്പോഴും യഥാസമയം ഉണ്ടാകാറില്ല. അംഗീകാരം ലഭിക്കാനാവശ്യമായ സൗകര്യങ്ങൾ ഇടുക്കി മെഡിക്കൽ കോളജിനില്ലെന്ന റിപ്പോർട്ടാണ് വിരമിച്ച ഡി.എം.ഇ എല്ലാ കേന്ദ്രങ്ങളിലും നൽകിയത്. കഴിഞ്ഞ ചില വർഷങ്ങളിൽ അംഗീകാരത്തിന് അപേക്ഷിച്ചിട്ടുപോലുമില്ല എന്നതും മെഡിക്കൽ കോളജിനോട് അധികൃതർ പുലർത്തുന്ന അവഗണനക്ക് തെളിവാണ്.

Tags:    
News Summary - The condition of the Idukki Govt medical college is deplorable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.