ഉള്ള്യേരി: പാവങ്ങാട്-ഉള്ള്യേരി സംസ്ഥാന പാത വഴി ആദ്യമായി പോകുന്ന ഡ്രൈവർമാർ മൊടക്കല്ലൂരിനു സമീപം കൂമുള്ളിയിലെത്തുമ്പോൾ വഴിതെറ്റിപ്പോയോ എന്ന് സംശയിച്ചുപോയാൽ അവരെ കുറ്റപ്പെടുത്താനാകില്ല. അത്രയേറെ പരിതാപകരമാണ് റോഡിന്റെ അവസ്ഥ. ജൽ ജീവൻ പദ്ധതിക്കുവേണ്ടി കുഴികളെടുത്തതോടെയാണ് കനത്ത മഴയിൽ റോഡ് പൂർണമായും തകർന്നത്.
തിരക്കേറിയ ഈ റോഡിൽ ഇരുചക്ര വാഹനങ്ങളും ബസുകളും കുഴിയിൽ താഴ്ന്ന് അപകടത്തിൽപെട്ടിട്ടുണ്ട്. അത്തോളി, ഉള്ള്യേരി ഗ്രാമപഞ്ചായത്തുകളിലെ നിരവധി ഗ്രാമീണ റോഡുകളാണ് പദ്ധതിയുടെ പൈപ്പിടൽ മൂലം പൊളിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ദിവസം അത്തോളി പുല്ലിമാല-ആശാരിക്കാവ് റോഡിൽ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കരാർ കമ്പനിയുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ചിരുന്നു.
കീറിമുറിച്ച റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. റോഡുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാട്ടുകാരുടെ പരാതിപ്രളയംതന്നെ ഉണ്ടായപ്പോൾ അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതി ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരെ ചർച്ചക്ക് വിളിച്ചിരുന്നു.
എന്നാൽ, തദ്ദേശ സ്ഥാപനം വിളിച്ചുചേർത്ത യോഗത്തിൽ ജൽ ജീവന്റെ പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്ന് യോഗത്തിനെത്തിയ ജൽ ജീവൻ മിഷൻ എൻജിനീയർ ഉൾപ്പെടെയുള്ളവരെ പഞ്ചായത്ത് ഓഫിസിൽ ഭരണസമിതി പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. ഒടുവിൽ അത്തോളി പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും ഭാഗികമായാണ് റോഡുകളിൽ അറ്റകുറ്റപ്പണി നടന്നത്. അത്തോളി പഞ്ചായത്തിൽ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി കരാറുകാർ പറയുന്നുണ്ട്. എന്നാൽ, വീടുകളിലേക്കുള്ള പൈപ്പിടലും കുടിവെള്ള സംഭരണിയുടെ പ്രവർത്തനവും പൂർത്തിയായിട്ടില്ല. ജില്ലയിലെ ഒമ്പതു പഞ്ചായത്തുകളിലെ കരാർ ഏറ്റെടുത്ത കമ്പനിക്ക് കോടികളുടെ കുടിശ്ശിക ലഭിക്കാനുണ്ടെന്നു ബന്ധപ്പെട്ടവർ പറയുന്നു.
ഉള്ള്യേരിയിലാവട്ടെ, ഏറക്കുറെ എല്ലാ ഗ്രാമീണ റോഡുകളും വശങ്ങൾ കീറി പൈപ്പിട്ടുവെങ്കിലും റോഡുകൾ പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല. റോഡ് കീറുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് കരാറുകാരും കമ്പനിയും.
കന്നൂർ സബ് സ്റ്റേഷനു സമീപത്തുകൂടി ആലങ്കോട് ഭാഗത്തേക്കുള്ള റോഡിൽ വീടിനോടു ചേർന്ന മതിൽ കനത്ത മഴയിൽ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീതികുറഞ്ഞ റോഡിൽ പൈപ്പിടാൻ കുഴിയെടുത്തതാണ് കാരണം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗ്രാമപഞ്ചായത്തിന്റെയും മറ്റും ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡുകളാണ് തലങ്ങും വിലങ്ങും കുത്തിപ്പൊളിച്ചത്.
ഇവ അറ്റകുറ്റപ്പണി നടത്തിയാലും പഴയപോലെ ആവില്ലെന്നതാണ് സത്യം. പദ്ധതിക്കായി പതിനെട്ടാം വാർഡിൽ ഏഴുകുളം ഭാഗത്തുള്ള 30 വർഷത്തിലധികം പഴക്കമുള്ള ടാങ്ക് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. എം.പി. ഗംഗാധരൻ ജലസേചന മന്ത്രിയായിരുന്ന കാലത്ത് പെരുവണ്ണാമൂഴിയിൽനിന്ന് വെള്ളമെത്തിച്ച് വിതരണം ചെയ്യാൻ ഉദ്ദേശിച്ച് നിർമിച്ച കൂറ്റൻ ടാങ്ക് ബലക്ഷയം വന്ന് ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
ഈ ഭാഗത്തേക്ക് വലിയ പൈപ്പുകൾ വലിച്ചതു കാരണം റോഡ് തകർന്ന അവസ്ഥയിലുമാണ്. അതേസമയം, കൊയിലാണ്ടി-ബാലുശ്ശേരി റോഡിൽ ബന്ധപ്പെട്ടവരുടെ അനുമതി ലഭിക്കാത്തതുമൂലം പൈപ്പിടൽ നടന്നിട്ടില്ല. ഈ റോഡാവട്ടെ, അടുത്തകാലത്താണ് നവീകരിച്ചത്. ഏതായാലും കുടിവെള്ളമല്ലേ എന്നോർത്ത് ഇനിയും സഹിക്കാനാണ് നാട്ടുകാരുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.