കോവിഡ് കാലത്ത് ഇൻഷുറൻസ് തുക കുറച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ

ആലത്തൂർ: മെഡിക്കൽ ഇൻഷുറൻസ് സംരക്ഷണമുള്ള ആൾക്ക് കോവിഡ് കാലത്ത് ചികിത്സയുടെ സംഖ്യ കുറച്ച് നൽകിയ യൂണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. നഷ്ടവും ചെലവും ഉൾപ്പെടെ 75,000 രൂപയാണ് ഉപഭോക്താവിന് ഇത്തരത്തിൽ നൽകേണ്ടത്. ആലത്തൂർ ദേവി നന്ദനത്തിൽ ടി. കൃഷ്ണകുമാർ, ഇൻഷുറൻസ് കമ്പനിക്കും ചികിത്സിച്ച സ്വകാര്യ ആശുപത്രിക്കുമെതിരെ നൽകിയ പരാതിയിലാണ് വിനയ് വി. മേനോൻ പ്രസിഡൻറും എൻ.കെ. കൃഷ്ണൻകുട്ടി മെംബറുമായ കമീഷന്റേതാണ് ഉത്തരവ്‌.

കൃഷ്ണകുമാറിനും ഭാര്യക്കും മകൾക്കും മെഡിക്കൽ ഇൻഷുറൻസ് പോളിസിയുണ്ട്. കോവിഡ് കാലമായ 2021 ജനുവരി 13ന് മകൾക്ക് പെട്ടെന്നുണ്ടായ രോഗാവസ്ഥയിൽ പാലക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ഒരുദിവസം ചികിത്സ നടത്തേണ്ടി വന്നു. അതിന് ആശുപത്രി നൽകിയ ബില്ല് 45,672 രൂപയുടെതായിരുന്നു. ഇൻഷുറൻസ് പോളിസിയുള്ളത് കൊണ്ട് സംഖ്യ അതിൽനിന്ന് എടുത്തുകൊള്ളാൻ പറഞ്ഞു. അത്രയും സംഖ്യ ഇൻഷുറൻസ് കമ്പനി നൽകില്ലെന്ന് പറഞ്ഞ് 22,260 രൂപ കൃഷ്ണകുമാർ നൽകണമെന്ന് ആവശ്യപ്പെട്ടു.

സംഖ്യ നൽകാൻ വിസമ്മതിച്ചപ്പോൾ എല്ലാ ചികിത്സയും അങ്ങനെയാണെന്നും സംഖ്യ നൽകണമെന്ന് നിർബന്ധിച്ച് ഈടാക്കുകയും ചെയ്തു. ഇതാണ് തർക്കത്തിനിടയാക്കിയ സംഗതി. കൃഷ്ണകുമാർ ആലത്തൂരിലെ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസിന്റെ സഹായം തേടി. വസ്തുതകൾ പരിശോധിച്ച കൺസ്യൂമർ സംഘടന ആശുപത്രി കൈപ്പറ്റിയ സംഖ്യ തിരിച്ച് നൽകി അത് ഇൻഷുറൻസ് കമ്പനിയോട് ഈടാക്കി തർക്ക പ്രശ്നം പരിഹരിക്കാൻ അഭ്യർഥിച്ച് ആശുപത്രിക്കും കമ്പനിക്കും കത്തയച്ചു.

ഇൻഷുറൻസ് കമ്പനി നിർദേശിച്ച പ്രകാരമാണ് പ്രവർത്തിച്ചതെന്ന് കാണിച്ച് ആശുപത്രി വക്കീൽ മുഖേന മറുപടി നൽകി. ഇതിനെ തുടർന്നാണ് പരാതി ജില്ല കമീഷനിലെത്തിയത്. അഡ്വ. എം. രവീന്ദ്രൻ, അഡ്വ. വിൻസ് എന്നിവരാണ് കൃഷ്ണകുമാറിന് വേണ്ടി ഹാജരായത്.

Tags:    
News Summary - The Consumer Disputes Redressal Commission asked the company to pay compensation for reducing the insurance amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.