കൽപറ്റ: കയറ്റിറക്കിന് ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ തൊഴില്‍ കാര്‍ഡിന് അപേക്ഷിച്ച വ്യാപാരിക്കെതിരെ തൊഴിലാളികളുടെ പ്രതികാര നടപടിയെന്ന് പരാതി. കൽപറ്റയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ടി.പി ഹാര്ഡ്വെയേഴ്സാണ് തൊഴിലാളികളുടെ പ്രതികാര നടപടികള്‍ക്കെതിരെ പൊലീസിൽ പരാതിയുമായി എത്തിയത്. ഗോഡൗണ്‍ ജീവനക്കാരെ ചുമട്ടുതൊഴിലാളികൾ ആക്രമിച്ച് പരിക്കേൽപിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായും സ്ഥാപന ഉടമകൾ പറഞ്ഞു.
കയറ്റിറക്ക് തൊഴിലാളികള്‍ ലോഡിറക്കുന്നതിലും കയറ്റുന്നതിലും അലംഭാവം കാണിക്കുകയും ഇത് സ്ഥാപനത്തിന്റെ വിറ്റുവരവിനെ സാരമായി ബാധിക്കുകയും ചെയ്തപ്പോഴാണ് സ്ഥാപന ഉടമ ഗഫൂര്‍ ലേബര്‍ ഓഫിസില്‍ കയറ്റിറക്ക് തൊഴിൽ കാര്‍ഡിന് അപേക്ഷ നല്‍കിയത്. ഇതോടെ തൊഴിലാളികള്‍ ഒരു മണിക്കൂർകൊണ്ട് പൂർത്തിയാക്കേണ്ട ജോലിക്ക് മൂന്നും നാലും മണിക്കൂറെടുക്കുകയാണ്.
ഇത് കച്ചവടത്തെ സാരമായി ബാധിച്ചു. നല്‍കാമെന്നേറ്റ പല ഓര്‍ഡറുകളും കൃത്യസമയത്ത് നല്കാന് കഴിഞ്ഞില്ല. ഇതോടെ നഗരസഭയോട് ചേർന്ന മുട്ടില്‍ പഞ്ചായത്തിലേക്ക് ഗോഡൗണ്‍ മാറ്റുകയും പഞ്ചായത്തിലെ കയറ്റിറക്ക് തൊഴിലാളികള്‍ കൃത്യമായ കയറ്റിറക്ക് നടത്തുകയും ചെയ്തുവരുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് കഴിഞ്ഞ ദിവസം കൽപറ്റയില്നിന്ന് സംഘടിച്ചെത്തിയ തൊഴിലാളികള്‍ ഗോഡൗണ്‍ ജീവനക്കാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഗഫൂർ പറഞ്ഞു.
പരിക്കേറ്റ തൊഴിലാളികള്‍ കൽപറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുട്ടില്‍ പഞ്ചായത്തില്‍നിന്ന് ലോഡിറക്കാനെത്തിയ കാര്‍ഡുള്ള തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് കൽപറ്റയില് നിന്നെത്തിയ തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടതെന്ന് പരിക്കേറ്റ ഗോഡൗണ്‍ ജീവനക്കാര്‍ പറയുന്നു. ഹൈകോടതിയില്‍നിന്ന് ഏതാനും ദിവസത്തിനുള്ളില്‍ തൊഴിൽ കാര്‍ഡ് അനുമതി ലഭിക്കുമെന്നതാണ് തൊഴിലാളികളെ ചൊടിപ്പിക്കുന്നതെന്ന് ഗഫൂർ പറഞ്ഞു.
സംഭവത്തില്‍ കൽപറ്റ പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘം ചേര്‍ന്ന് അക്രമം, കൈകൊണ്ട് മര്‍ദിക്കല്‍, അസഭ്യം പറയല്‍, അതിക്രമിച്ച് കടക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. രണ്ടു ഗോഡൗണും നല്ലരീതിയില്‍ നടന്നുപോകണമെന്നതാണ് തന്റെ ആവശ്യമെന്നും അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും ഗഫൂര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.