ആലപ്പുഴ: തകഴിയിലെ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞ് ജനിച്ചപ്പോൾ കരഞ്ഞിരുന്നുവെന്ന് മാതാവ് ഡോണ ജോജി പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർ മൊഴി നൽകി. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചുവെന്ന മാതാപിതാക്കളുടെ മൊഴിയെ പ്രതിരോധത്തിലാക്കുന്നതാണ് ഡോക്ടറുടെ മൊഴി. മാത്രമല്ല, കുഞ്ഞിന്റെ മാതാവ് ഡോണ നേരത്തെ ഗർഭം ഛിദ്രം നടത്താൻ ശ്രമിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതിനായി ഗുളികകൾ കഴിച്ചിരുന്നതായും ഈ ശ്രമം പരാജയപ്പെടുകയാണെണ്ടായതെന്നും ഇവർ പൊലിസിനോട് പറഞ്ഞു.
കേസിൽ കുഞ്ഞിന്റെ മാതാപിതാക്കളായ 13–ാം വാർഡ് ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി (22), തകഴിവിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സഹായി തകഴി കുന്നുമ്മ മുട്ടിച്ചിറ കോളനി ജോസഫ് സദനത്തിൽ അശോക് ജോസഫ് (30) എന്നിവരെ റിമാൻഡ് ചെയ്തതിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ അടുത്തേക്ക് മജിസ്ട്രേറ്റ് എത്തിയാണ് നടപടി പൂർത്തിയാക്കിയത്.
ഈമാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. പൂച്ചാക്കൽ സ്വദേശിനിയായ ഡോണ പുലർച്ചയാണ് പ്രസവിച്ചത്. പകൽ മറ്റാരും കാണാതെ മുറിയിൽ സൂക്ഷിച്ചു. അർധരാത്രിയോടെ ബൈക്കിൽ വീട്ടിലെത്തിയ ആൺസുഹൃത്ത് തോമസും സുഹൃത്തും കുഞ്ഞിനെ കൊണ്ടുപോയി തകഴി കുന്നുമ്മ വണ്ടേപ്പുറം പാടശേഖരത്തിൽ കുഴിച്ചിടുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷം വയറുവേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്നാണ് പ്രസവ വിവരം പുറത്താകുന്നത്. തുടർന്ന് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് കേസിൽ രണ്ടുപേർ കൂടി ഉണ്ടെന്ന് വ്യക്തമായത്.
ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ പൊളിത്തീൻ ബാഗിലാക്കി ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. ജനിച്ചപ്പോൾ ജീവനുണ്ടായിരുന്നെന്നും ഇല്ലെന്നും കരഞ്ഞെന്നും പിന്നീട് കരഞ്ഞില്ലെന്നും മാറ്റിപറഞ്ഞ ഡോണയുടെ മൊഴിയിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കുഞ്ഞിനെ കൊണ്ടുപോകുമ്പോൾ മരിച്ചിരുന്നെന്നാണ് തോമസിന്റെ മൊഴി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ കാര്യങ്ങളിൽ കുറേകൂടി വ്യക്തത വരൂവെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോണയെ കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും.
ഫോറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞ ഡോണ കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലെ പഠനക്കാലത്താണ് തോമസ് ജോസഫുമായി അടുപ്പത്തിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.