കോഴിക്കോട്: ഇസ്ലാമിക സാഹിത്യം നൽകുന്ന അനുഭവം വിശാലമാണെന്നും അതിന് പരിധികളില്ലെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ. ലോക ഇസ്ലാമിക സാഹിത്യം മലയാളഭാഷക്ക് പരിചയപ്പെടുത്തുന്നതിൽ ഐ.പി.എച്ചിന്റെ പങ്ക് ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ നാലു നാൾ നീളുന്ന പുസ്തകോത്സവം കോഴിക്കോട് കോർപറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക സാഹിത്യമെന്നത് മതപരം എന്നതിലുപരി മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തേക്ക് തുറന്നുവെച്ച വാതിലുകളാണ്. വർഗീയതയോട് ഇസ്ലാമിനെ ചേർത്തുവെക്കുന്ന പ്രവണത ഒരുകാലത്ത് സജീവമായിരുന്നു. അത് തിരുത്താൻ ഇസ്ലാമിക സാഹിത്യങ്ങളുടെ വിവർത്തനങ്ങൾ സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫ. കെ.പി. കമാലുദ്ദീൻ വിവർത്തനം ചെയ്ത ഇമാം ഗസ്സാലിയുടെ ഇഹ് യാ ഉലൂമിദ്ദീൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അലിയാർ ഖാസിമിക്ക് നൽകി പ്രകാശനം ചെയ്തു.
അലിയാർ ഖാസിമി, കുഞ്ഞിമുഹമ്മദ് പറപ്പൂർ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, പ്രഫ. കെ.പി. കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ‘സാഹിത്യവും സംസ്കാരവും’ എന്ന വിഷയത്തിൽ കല്പറ്റ നാരായണൻ പ്രഭാഷണം നടത്തി. ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ കെ.ടി. ഹുസൈൻ സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച മലയാളത്തിലെ ഇസ്ലാമിക വായന: ചരിത്രം വർത്തമാനം ഭാവി എന്ന വിഷയത്തിൽ ചർച്ചയും ‘ആൽഗോരിതങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.