തിരൂര്‍ (മലപ്പുറം): വിദ്വേഷ പ്രസംഗം നടത്തിയ ആള്‍ മതേതരത്വത്തിന്റെ തലതൊട്ടപ്പനാണെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതോടെ സി.പി.എമ്മിന്റെ അധഃപതനം എവിടെ വരെ എത്തിയെന്നു വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്വേഷ പ്രസംഗം ആര് നടത്തിയാലും അതു തെറ്റാണ്. മലപ്പുറത്ത് നടത്തിയത് വിദ്വേഷ പ്രസംഗമാണ്.
മലപ്പുറം ജില്ലയെ കുറിച്ചും അവിടെയുള്ള ഒരു സമുദായത്തെ കുറിച്ചുമാണ് പറഞ്ഞത്. ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കോണ്‍ഗ്രസും യു.ഡി.എഫും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം വിസ്മയിപ്പിക്കുന്നതായിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയ ആളെ ന്യായീകരിച്ച് അദ്ദേഹം മതേതരത്വത്തിന്റെ തലതൊട്ടപ്പനാണെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ സി.പി.എമ്മിന്റെ അധഃപതനം എവിടെ വരെ എത്തിയെന്നു വ്യക്തമാക്കുന്നതായിരുന്നു. ബി.ജെ.പിയുടെ വഴിയിലൂടെയാണ് സി.പി.എമ്മും സഞ്ചരിക്കുന്നത്.
ബി.ജെ.പിയുടെ സഹയാത്രികരാണ് സി.പി.എം. ബി.ജെ.പിയും സി.പി.എമ്മും കൈകോര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുന്നത് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. രണ്ടു പേര്‍ക്കും ഒറ്റ അജണ്ടയാണ്. ബി.ജെ.പിയുടെ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. അതിന് കേരളത്തിലെ മുഖ്യമന്ത്രി എല്ലാ പിന്തുണയും നല്‍കിയിരിക്കുകയാണ്.
രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുകയെന്ന ബി.ജെ.പി അജണ്ട നടപ്പാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ മുനമ്പം വിഷയം പരിഹരിക്കാതിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷത്തിന് സി.പി.എമ്മും സര്‍ക്കാരും കുടപിടിച്ചു കൊടുക്കുകയാണ്.
കൈകള്‍ കോര്‍ത്ത് ചേര്‍ത്ത് പിടിച്ചു കൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നത്. അവര്‍ സഞ്ചരിക്കുന്ന വഴിയിലൂടെയല്ല ഞങ്ങള്‍ സഞ്ചരിക്കുന്നത്. വിദ്വേഷ പ്രസംഗത്തിനും ഹേറ്റ് കാമ്പയിനുകള്‍ക്കും എതിരായ നിലപാടാണ് കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.