നെയ്യാറ്റിന്‍കര: ഒരു നഗരസഭയും അഞ്ച് പഞ്ചായത്തുകളും ഉൾപ്പെടുന്ന നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ പ്രചാരണച്ചൂട് കൊടുമ്പിരിക്കൊള്ളുന്നു. യു.ഡി.എഫും എൽ.ഡി.എഫിനും ബി.ജെ.പിയും ബലാബലം നില്ക്കുന്ന മണ്ഡലമാണ് നെയ്യാറ്റിന്‍കര. ഇടതു പ്രതിനിധിയാണ് നിയമസഭയിൽ നെയ്യാറ്റിൻകരയെ പ്രതിനിധീകരിക്കുന്നത്.
കോൺഗ്രസിനും കൃത്യമായ സാന്നിധ്യം. നഗരസഭ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വന്തമാക്കിയ വോട്ടുകളാണ് അവരുടെ പ്രതീക്ഷ.
നെയ്യാറ്റിൻകര നഗരസഭയും അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. നെയ്ത്ത്, പനകയറ്റം, ചുടുകല്ല് നിർമാണം തുടങ്ങിയ പരമ്പരാഗത തൊഴിലുകൾ ഇപ്പോഴുമുണ്ട്.
മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, കൃഷിക്ക് ജലസേചന സൗകര്യം, കുടിവെള്ള സ്രോതസ്സുകൾ തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകും. നെയ്യാർ സംരക്ഷണവും തിരുവനന്തപുരം- കന്യാകുമാരി റെയിൽപാത വികസനവും ഇരുമുന്നണികളും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കും.
വിവിധ സമുദായത്തിന്റെ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുണ്ട്. നാട്ടിലെ വിവിധ പരിപാടികളിലും നേതാക്കന്മാരുടെ സാന്നിധ്യവുമുണ്ട്. നടപ്പാക്കിയ വികസനങ്ങളും ജയിച്ചാല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പ്രചാരണവുമാണ് മണ്ഡലങ്ങളില്‍ ഇതിനകം പ്രചരിക്കുന്നത്.
നാടാര്‍ സമുദായത്തിന് ശക്തിയുള്ള മണ്ഡലത്തിലെ വോട്ട് ആര്‍ക്കൊപ്പമെന്നതും നായര്‍ ഈഴവ സുദായങ്ങൾ സ്വീകരിക്കുന്ന നിലപാടും പ്രവചനാതീതമാക്കും. ന്യൂനപക്ഷവോട്ടില്‍ കണ്ണുനട്ട് രാഷ്ട്രീയക്കാരും പരക്കം പാച്ചിലും തുടരുന്നു.
നിരവധി ചരിത്ര സവിശേഷതകൾ പേറുന്ന മണ്ഡലമാണ് നെയ്യാറ്റികര. വേണാട്ടു രാജാക്കന്മാരുടെ തലസ്ഥാനം പത്മനാഭപുരമായിരുന്നപ്പോൾ ഭരണാധികാരികളുടെ ഇടത്താവളമായിരുന്നു ഇവിടം.
മാർത്താണ്ഡവർമയുടെ കാലത്ത് എട്ടുവീട്ടിൽ പിള്ളമാരുടെ ശക്തി പരീക്ഷണ കേന്ദ്രം, ശിലായുഗ സംസ്കാരത്തിലെ പാണ്ഡവൻപാറ, നവോത്ഥാനത്തിന്റെ അടയാളമായ നാരായണ ഗുരുവിന്റെ അരുവിപ്പുറം, ദിവാൻ ഭരണത്തിനെതിരെ പേന കൊണ്ട് സമരമുഖങ്ങൾ തീർത്ത സ്വദേശാഭിമാനിയുടെ ജന്മദേശം കൂടാതെ, നാടാർ സമുദായത്തിന്റെ കേന്ദ്രവുമായിരുന്നു ഇവിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.