കോട്ടയം: പുതുപ്പള്ളിയിൽ ക്രിസ്ത്യൻ സഭാതർക്കം എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് മുന്നണികൾ. മൊത്തം വോട്ടർമാരിൽ പകുതിയോളം ക്രിസ്ത്യാനികളായ മണ്ഡലത്തിൽ ഓർത്തഡോക്സ്-യാക്കോബായ സഭാ വിശ്വാസികളാണ് ഏറെയും. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഓർത്തഡോക്സ് വിഭാഗം സ്വാധീനം അവകാശപ്പെടുമ്പോൾ നാല് പഞ്ചായത്തുകളിൽ തങ്ങളാണ് ഭൂരിപക്ഷമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കുന്നു.
സ്ഥാനാർഥികൾ ഏത് വിഭാഗത്തിൽ നിന്നുള്ളവരാണെന്നതും നിർണായകമാണ്. ക്രൈസ്തവ വോട്ടുകൾ വിഭജിച്ച് പോകുമ്പോൾ പരമാവധി ഹിന്ദു വോട്ടുകൾ സമാഹരിക്കുകയെന്ന ലക്ഷ്യവും മുന്നണികൾക്കുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ വീട് സ്ഥിതി ചെയ്യുന്ന മണർകാട് പഞ്ചായത്തിൽ യാക്കോബായ വിഭാഗമാണ് കൂടുതൽ.
ക്രിസ്ത്യൻ വോട്ടർമാരിൽ 60 ശതമാനത്തോളം ഈ വിഭാഗക്കാരുണ്ടാകുമെന്നാണ് കണക്ക്. പുതുപ്പള്ളി, മീനടം, പാമ്പാടി പഞ്ചായത്തുകളിൽ ഓർത്തഡോക്സ് വിഭാഗത്തിനാണ് അൽപം മേൽക്കൈ. പാമ്പാടി, വാകത്താനം പഞ്ചായത്തുകളിൽ ദലിത്, പരിവർത്തക ക്രൈസ്തവ വോട്ടർമാർ നിർണായകമാണ്.
സഭാതർക്കം രൂക്ഷമായ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യാക്കോബായ സഭയിൽനിന്ന് ഉമ്മൻ ചാണ്ടിക്ക് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ സമ്മതിക്കുന്നു. മണർകാട്ട് മൂവായിരത്തോളം വോട്ടുകൾക്ക് പിന്നിലായതും ഇതുമൂലമാണെന്ന് അവർ പറയുന്നു.
ചർച്ച് ബിൽ, ജസ്റ്റിസ് കെ.ടി. തോമസ് റിപ്പോർട്ട് എന്നിവ കൊണ്ടുവരുമെന്നും നടപ്പാക്കുമെന്നുമുള്ള എൽ.ഡി.എഫ് വാഗ്ദാനം വിശ്വസിച്ചതാണ് അന്ന് അങ്ങനെ നിലപാട് എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. എന്നാൽ, കബളിപ്പിക്കപ്പെട്ടുവെന്ന് യാക്കോബായ വിഭാഗക്കാർക്ക് ബോധ്യമായതിനാൽ ഉപതെരഞ്ഞെടുപ്പിൽ വലിയ ദോഷമുണ്ടാകില്ലെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. എന്നാൽ, കോടതി വിധി നടപ്പാക്കാത്തതിലെ അതൃപ്തി ഓർത്തഡോക്സ് സഭക്ക് സർക്കാറിനോടുണ്ട്. ഈവിഷയത്തിൽ കഴിഞ്ഞ ദിവസത്തെ സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണവും അതിനെ സഭാ ബിഷപ് പരിഹസിച്ചതും അതൃപ്തി പ്രകടമാക്കുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് അൽപം അകൽച്ചയുണ്ടായിരുന്ന സഭയാകട്ടെ അതൊക്കെ പൂർണമായും മറന്നു. അതിന്റെ ആശങ്ക എൽ.ഡി.എഫിനുണ്ട്. അതിനാലാണ് മണിപ്പൂർ വിഷയം മണ്ഡലത്തിൽ കൂടുതൽ ഉയർത്തി ക്രൈസ്തവ വോട്ടുകൾ കരസ്ഥമാക്കാൻ സ്ഥാനാർഥി ഉൾപ്പെടെ ശ്രമിക്കുന്നത്.
ഹിന്ദു വോട്ടുകളിൽ ഈഴവരാണ് കൂടുതൽ. പിന്നിൽ നായർ വോട്ടുകളുമുണ്ട്. കൂരോപ്പട, പാമ്പാടി എന്നീ പഞ്ചായത്തുകളിലാണ് ഹിന്ദുക്കൾ കൂടുതലുള്ളത്. ഈ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലാണ് ബി.ജെ.പിക്ക് കാര്യമായ വേരോട്ടമുള്ളത്. ഈ പ്രദേശങ്ങളിൽ എൻ.എസ്.എസിന്റെ നിലപാടുകൾ സ്വാധീനിക്കപ്പെട്ടാൽ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും ബി.ജെ.പിയും. മുസ്ലിം വോട്ടർമാർ വളരെക്കുറിച്ച് മാത്രമേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.