കൊച്ചി: നിയമസഭ പാസാക്കിയ സർവകലാശാല ബില്ലുകളിൽ ഗവർണറുടെ അനുമതി വൈകുന്നതിനാലാണ് വിവിധ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ കാലതാമസമുണ്ടാകുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ. വി.സി നിയമനത്തിനുള്ള സർച് കമ്മിറ്റി രൂപവത്കരിക്കുന്ന നിയമത്തിൽ നിയമസഭ പാസാക്കിയ ഭേദഗതിക്ക് ഗവർണറുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. കാർഷിക, ഫിഷറീസ്, വെറ്ററിനറി, സാങ്കേതിക, മലയാളം സർവകലാശാലകളിൽ സർച് കമ്മിറ്റി രൂപവത്കരിക്കാൻ സർക്കാറിന് തടസ്സമില്ലെന്നും മറ്റ് സർവകലാശാലകളുടെ കാര്യത്തിലാണ് നിയമ ഭേദഗതിയുടെ അംഗീകാരം കാത്തിരിക്കുന്നതെന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ വി.സിമാരുടെ നിയമനത്തിന് ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി ഡോ. മേരി ജോർജ് നൽകിയ ഹരജിയിലാണ് വിശദീകരണം. സർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിയോഗിക്കാൻ സർവകലാശാലകൾ തയാറാകാത്തതാണ് കാരണമെന്നും പ്രതിനിധിയെ നിർദേശിക്കാൻ പലതവണ രാജ്ഭവനിൽനിന്ന് സർവകലാശാലകൾക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
ഹരജി പരിഗണിക്കവെ, വി.സി നിയമനം വൈകുന്നതെന്താണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. മറ്റ് വിശദീകരണങ്ങൾക്ക് പുറമെ നിയമഭേദഗതിയിൽ ഗവർണർ തീരുമാനമെടുക്കാത്തത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹരജി നിലവിലുള്ള വിവരവും എ.ജി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹരജി നിലനിൽക്കില്ലെന്നും വ്യക്തമാക്കി. ഇക്കാര്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹരജി വീണ്ടും ജനുവരി 11ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.