ലഹരി വിപത്തിനെ ചെറുക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം- വി.എം.സുധീരൻ

ലഹരി വിപത്തിനെ ചെറുക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം- വി.എം.സുധീരൻ

തിരുവവന്തപുരം: ലഹരി വിപത്തിനെ ചെറുക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുക എന്ന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വരുകളാണ് സുധീരൻ കത്തിൽ ഓർമപ്പെടുത്തത്. .

ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ സർവ നടപടികളും സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തവും കടമയും നിറവേറ്റാൻ മുഖ്യമന്ത്രിയും സഹപ്രവർത്തകരും ആത്മാർത്ഥമായി ശ്രമിക്കണം. അതുവഴി മദ്യം, മയക്കുമരുന്ന്, കഞ്ചാവ് മറ്റ് രാസപദാർത്ഥങ്ങൾ തുടങ്ങിയ സർവ വിപത്തുകളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ വേണ്ടതെല്ലാം അടിയന്തരമായി സ്വീകരിക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.

മന്ത്രിമാരായ എം.ബി.രാജേഷ്, കെ. രാജൻ, വി. ശിവൻകുട്ടി, വി. അബ്ദുറഹിമാൻ, വീണ ജോർജ്ജ്, ആർ.ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ചീഫ് സെക്രട്ടറി എന്നിവർക്ക് കത്തിന്റെ പകർപ്പും അയച്ചു.  


വി.എം. സുധാരന്റെ കത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ലഹരി വിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതി ശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകുമെന്ന ഉന്നതതല യോഗ തീരുമാനം ആശ്വാസകരമാണ്. ഏതു തിരുമാനവും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ഫലപ്രദവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിലാണ് വിജയം കൂടികൊള്ളുന്നത്.

താങ്കളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016-ല നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് മാനിമസ്റ്റോയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഇത്തരുണത്തിൽ ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊള്ളട്ടെ

'മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനെക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാത്യകയിൽ അതിവിപുലമായ ഒരു ജനകീയ ബോധവൽക്കരണ പ്രസ്ഥാനത്തിന് രൂപം നൽകും. ഡി-അഡിക്ഷൻ സെൻററുകൾ സ്ഥാപിക്കും. മദ്യവർജ്ജന സമിതിയുമായുള്ള സഹകരണം ശക്തിപ്പെടുത്തും.

മദ്യംപോലെ സാമൂഹ്യ ഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികർശനമായ നടപടികൾ സ്വീകരിക്കും."

ആ തെരഞ്ഞെടുപ്പു വേളയിൽ ഇതെല്ലാം പ്രചരിപ്പിച്ചത് അക്കാലത്ത് കേരളത്തിൽ കേവലം 29 ബാറുകൾ മാത്രം പ്രവർത്തിച്ചിരുന്ന കാലത്താണെന്നോർക്കണം.

പരിപാവനമായ ഈ തെരഞ്ഞെടുപ്പു വാഗ്ദ്‌ധാനം അർഹിക്കുന്ന ഗൗരവത്തോടെയും പ്രാധാന്യത്തോടെയും പ്രവർത്തിപഥത്തിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് കേരളത്തെ വലിയ സാമൂഹ്യദുരന്തത്തിലേയ്ക്ക് തള്ളിവിടുന്ന ആപൽക്കരമായ മദ്യവ്യാപനവും കഞ്ചാവ്, മയക്കുമരുന്ന്, രാസമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ അനിയന്ത്രിതമായ വിതരണ-വ്യാപന ശ്യംഖലകൾ അതീവ ഭീകരമായി ശക്തിപ്പെടുന്ന ദുരവസ്ഥയും ഉണ്ടാകുമായിരുന്നില്ല. നിർഭാഗ്യവശാൽ തെരഞ്ഞെടുപ്പ് വാഗ്ദ‌ാനം സമ്പൂർണ്ണമായി കാറ്റിൽപറത്തി നേരെ എതിർദിശയിലേയ്ക്ക് നീങ്ങുകയും കേരളത്തിൽ സമ്പൂർണ്ണ മദ്യവ്യാപനത്തിന് കളമൊരുക്കുന്ന നടപടികൾ ഒന്നിനുപിന്നാലെ മറ്റൊന്നായി നടപ്പാക്കുകയായിരുന്നു. സർക്കാർ ചെയ്‌തത്.

ഇതിൻറെയെല്ലാം ഫലമായി ഇപ്പോൾ സംസ്ഥാനത്തിൽ ബാറുകളുടെ എണ്ണം ആയിരത്തിലധികമായി. അനുവദിക്കപ്പെടുന്ന ബാറുകളുടെ എണ്ണം കൃത്യമായി എക്സൈസ് വെബ്സൈറ്റിൽ കാണിക്കാത്തതുകൊണ്ട് ഇപ്പോഴും അനുവദിച്ചുകൊണ്ടിരിക്കുന്ന ബാറുകളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ വന്നിരിക്കുകയാണ്. സുതാര്യമാക്കേണ്ട സർക്കാർ നടപടികൾ ഇക്കാര്യത്തിൽ അതിവ രഹസ്യമായി മുന്നോട്ടുകൊണ്ടുപോകുന്ന *കുറ്റകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്. ബെവ്കോ, കൺസ്യൂമർ ഫെഡ്, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകൾ വ്യാപകമായി നിലവിലുള്ള കള്ളുഷാപ്പുകൾ എന്നിവയ്ക്കെല്ലാം പുറമെയാണീ ബാറുകളുടെ വൻ വർദ്ധനവ്. തന്നെയുമല്ല ഐ.ടി. മേഖല ഉൾപ്പെടെയുള്ള മറ്റ് തലങ്ങളിലേയ്ക്കും മദ്യവ്യാപനം വന്നുകൊണ്ടിരിക്കുന്നു.

മദ്യമില്ലെങ്കിൽ മയക്കുമരുന്ന് വ്യാപിക്കും എന്നതായിരുന്നല്ലോ സർക്കാരിൻറെ പ്രധാന വാദഗതി. എന്നാൽ ഇപ്പോൾ മദ്യം വ്യാപകമാകുകയും മയക്കു മരുന്നും, കഞ്ചാവും മറ്റ് രാസപദാർത്ഥങ്ങളും റെക്കാർഡ് വേഗതയിലുള്ള വ്യാപനത്തിലേയ്ക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന അക്രമ സംഭവങ്ങളും കുറ്റകൃത്യങ്ങളും നല്ലതോതിൽ മദ്യലഹരിയുടെ സ്വാധീനഫലമാണെന്നത് നിസ്തർക്കമാണ്. ഇതിനു പുറമെയാണ് മയക്കു മരുന്നും മറ്റ് രാസപദാർത്ഥങ്ങളും കഞ്ചാവും വ്യാപിക്കുന്നതിൻ്റെ ഫലമായി വന്നിരിക്കുന്ന മാരകവും ഭയാനകവുമായ അവസ്ഥ.

ആഭ്യന്തര വകുപ്പുകൂടി കൈകാര്യംചെയ്യുന്ന ബഹു.മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിവുള്ളതാണെങ്കിലും മനപ്പൂർവ്വമായിതന്നെ സംസ്ഥാനത്ത് പെരുകിവരുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും മദ്യത്തിൻറെ പങ്ക് പൂർണ്ണമായി ഒഴിവാക്കി മയക്കുമരുന്നിൽ മാത്രം കേന്ദ്രീകരിക്കുന്ന തീരുമാനം എടുക്കുന്നത് ഒരുകാരണവശാലും ന്യായീകരിക്കാവുന്നതല്ല. ഇത് വസ്‌തുതകൾക്ക് നിരക്കാത്തതാണ്. തന്നെയുമല്ല ലഹരി വിപത്തിനെക്കുറിച്ച് പറയുമ്പോൾ ആപൽക്കരമായ മദ്യവിപത്തിനെക്കുറിച്ച് പരാമർശിക്കാതിരിക്കുന്നത് തികഞ്ഞ കാപട്യവുമാണ്. മദ്യവ്യാപനത്തിന് നേതൃത്വം കൊടുക്കുന്ന സർക്കാർതന്നെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുവന്നാൽ അതിന് വിശ്വാസ്യത തെല്ലും ഉണ്ടാവുകയില്ലെന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ട് ലഹരിക്കെതിരെ ക്യാമ്പയിനുമായി മുന്നോട്ടു പോകുമ്പോൾ മദ്യവ്യാപന നടപടിയിൽ നിന്നും സർക്കാർ പിന്തിരിയുന്നു എന്ന് ജനങ്ങൾക്ക് വിശ്വാസയോഗ്യമായ നടപടികൾകൂടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

മദ്യവും മയക്കുമരുന്നും ജനങ്ങൾക്ക് ഒരവശ്യവസ്‌തുവല്ലെന്ന് കോവിഡ് കാലത്ത് ലോക്‌ഡൗൺ നടപ്പാക്കിയ 64 ദിവസത്തെ സ്ഥിതിഗതികൾ തെളിയിച്ചതാണ്. (ഏപ്രിൽ-മെയ്, 2020) അക്ഷരാർത്ഥത്തിൽ ആകാലം ഫലത്തിൽ കേരളത്തിൽ മദ്യനിരോധനമായിരുന്നല്ലോ. ആ ഇടവേളയിൽ മദ്യശാലകൾ സംസ്ഥാനത്ത് സമ്പൂർണ്ണമായി അടച്ചുപൂട്ടിയതിൻറെ ഫലമായിട്ടുണ്ടായ ഗുണപരമായ മാറ്റങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. കുറ്റകൃത്യങ്ങളിൽ ആകാലത്തുണ്ടായ ഗണ്യമായ കുററി സ്റ്റേറ്റ് സെക്രം റെക്കോർഡ്‌സ് ബ്യൂറോയിൽത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

മദ്യം ഇല്ലാതായതിനെത്തുടർന്ന് അതിൽപ്പെട്ടിരുന്നവരുടെ കുടുംബങ്ങൾക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 1978 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഇത്തരം കുടുംബങ്ങൾക്കുണ്ടായതായി 'അഡിക് ഇന്ത്യ'യുടെ പഠനം വ്യക്തമാക്കുന്നുണ്ട്.

മദ്യം ഇല്ലാതായാൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കും, വ്യാജവാറ്റ് പെരുകും, മദ്യം ഉപയോഗിച്ചിരുന്നവർക്ക് അത് ഇല്ലാതായാൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നിങ്ങനെ മദ്യവ്യാപന നയത്തിന് ആധാരമായി നേരത്തമുതൽ സർക്കാർ ഉയർത്തിയ വാദഗതികളും നടത്തിവന്നിരുന്ന പ്രചരണങ്ങളും തീർത്തും അസ്ഥാനത്താണെന്ന് ലോക്ഡൗൺകാലത്ത് തെളിയിക്കപ്പെട്ടു.

മയക്കുമരുന്ന് കേസുകൾ 2020 വർഷത്തിലെ മാസ ശരാശരി 305.5 ആയിരുന്നുവെങ്കിൽ ലോക്‌ഡൗൺകാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസ്സുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്. സ്‌പിരിറ്റിൻ്റെ കാര്യത്തിലും ഈ വ്യത്യാസം കാണാവുന്നതാണ്. 2020 വർഷത്തിൽ സ്‌പരിറ്റ് പിടികൂടിയതിന്റെ മാസ ശരാശരി 1932 ലിറ്റർ ആയിരുന്നുവെങ്കിൽ ലോക്‌ഡൗൺകാലത്ത് രണ്ടുമാസത്തെ ശരാശരി 59.5 ലിറ്റർ മാത്രമായിരുന്നു. (എക്സൈസ് വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിനെ ആധാരമാക്കി 'അഡിക് ഇന്ത്യ' തയ്യാറാക്കിയ പഠന റിപ്പോർട്ടിൽനിന്ന്).

മദ്യം ഇല്ലാതിരുന്ന ലോക്‌ഡൗൺ കാലത്ത് മയക്കുമരുന്ന് കേസ്സുകളും സ്‌പിരിറ്റ് ലഭ്യതയും നന്നേ കുറഞ്ഞിരുന്നുവെന്ന അനിഷേധ്യമായ വസ്‌തുത സർക്കാർ സൗകര്യപൂർവ്വം തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും പ്രകടിപ്പിക്കാൻ നിർബന്ധിതമായ സാഹചര്യത്തിൽ സർക്കാർ കൃത്യമായി പ്രവർത്തിച്ചിരുന്നതിന് അക്കാലത്ത് കിട്ടിയ നേട്ടമാണ് ലോക്ഡൗൺകാലത്ത് പ്രകടമായത്.

മദ്യലഭ്യതയും പ്രാപ്യതയും ഇല്ലാതായാൽ മദ്യ ഉപയോഗം ഇല്ലാതാകുമെന്ന് തെളിയിക്കുന്നതാണ് 64 ദിവസത്തെ ലോക്‌ഡൗൺകാലം. മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരുകയെന്നതാണ് മദ്യവിപത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അനിവാര്യമായിട്ടുള്ളതെന്നതാണ് ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന തത്വം.

വിനോദ സഞ്ചാര മേഖലയെ മദ്യനിയന്ത്രണം തളർത്തുമെന്ന വാദവും വസ്‌തുതകൾക്ക് നിരക്കാത്തതാണ്. ടൂറിസം വകുപ്പിൻ്റെ കണക്കുകൾതന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. 2014-ൽ 923366 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലേയ്ക്ക് വന്നത്. യു.ഡി.എഫ്. സർക്കാരിൻ്റെ മദ്യനയത്തിൻറെ ഫലമായി കേവലം 29 ബാറുകൾ മാത്രം പ്രവർത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടന്നിരുന്നതുമായ 2016-ൽ അത് 1038419 ആയി വർദ്ധിക്കുകയാണുണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാകട്ടെ 2014-ൽ 11695441 ആയിരുന്നൽ 2010-ൽ 13172535 ആയി വർദ്ധിക്കുകയാണുണ്ടായത്. ടൂറിസത്തിലൂടെ ഉണ്ടായ വരുമാനത്തിലും വർദ്ധനവുണ്ടായി. 2014-ൽ 24885 കോടി ആയിരുന്നത് 2016-ൽ 20650 കോടി രൂപയായി വർദ്ധിച്ചു. മദ്യം കഴിക്കാനല്ല ടൂറിസ്റ്റുകൾ കേരളത്തിൽ വരുന്നത്. കേരള തനിമ ആസ്വദിക്കാനാണ്. അവർക്കു വേണ്ടത് വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനിൽക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന അന്തരീക്ഷമാണ്.

സർക്കാരിൻറെ നിലനിൽപ്പ് മദ്യവരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന വാദവും നിരർത്ഥകമാണ്. മദ്യത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ ഇരട്ടിയിലേറെ മദ്യംമൂലമുണ്ടാകുന്ന പ്രശ‌നങ്ങൾക്കും കെടുതികൾക്കും ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് സർക്കാരിനുതന്നെ ചെലവിടേണ്ടിവരുന്നുണ്ട്. മദ്യപാനം മൂലം വർദ്ധിച്ചുവരുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ അതിനെല്ലാം വേണ്ടിവരുന്ന മരുന്ന്, ചികിത്സ, ആശുപത്രിസംവിധാനം എന്നിവയ്ക്ക് വേണ്ടിവരുന്ന ചെലവുകൾ, കുടുംബ സമാധാന തകർച്ച, കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ, വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ, അതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഇതെല്ലാം സംസ്ഥാനത്തിന് വരുത്തിവയ്ക്കുന്ന സാമ്പത്തിക ഭാരവും സാമൂഹിക പ്രശ്‌നങ്ങളും വളരെയേറെയാണ്.

ഇപ്പോൾത്തന്നെ കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. മദ്യലഹരിയിൽ സ്വന്തം മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സുഹ്യത്തുക്കളുടെയും ജീവനെടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. പെരുകിവരുന്ന ക്വട്ടേഷൻ-ഗുണ്ടാ മാഫിയ സംഘങ്ങളുടെ ഊർജ്ജ സ്രോതസ്സും മദ്യവും മയക്കുമരുന്നും തന്നെയാണ്.

ഇതെല്ലാം കണക്കിലെടുത്തു തെരഞ്ഞെടുപ്പ് വാഗ്‌ദാനം നടപ്പാക്കാതെ ജനങ്ങളോട് കാണിച്ച വിശ്വാസ വഞ്ചനയ്ക്കും ഗുരുതരമായ വീഴ്‌ചകൾക്കും ജനങ്ങളോട് മാപ്പ് പറയാൻ ബഹു. മുഖ്യമന്ത്രി തയ്യാറാകണം. അതോടൊപ്പംതന്നെ തെറ്റ് തിരുത്തി യാഥാർത്ഥ്യബോധത്തോടെ മദ്യവ്യാപനത്തിനിടവരുന്ന നിലയിലുള്ള മദ്യനയം സമ്പൂർണ്ണമായി പിൻവലിക്കാനും കഞ്ചാവും മയക്കുമരുന്നും രാസപദാർത്ഥങ്ങൾ ഉൾപ്പെടുന്ന സർവ്വ ലഹരി വസ്‌തുക്കളും ഇല്ലാതാക്കാനും കുറ്റമറ്റതും ഫലപ്രദവുമായ കൃത്യമായ നടപടികൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിലും ജനവിശ്വാസം ആർജ്ജിക്കുന്ന രീതിയിലും സ്വീകരിക്കണം.

ഉറവിടത്തിൽ നിന്നുതന്നെ ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുക്കണം. ലഹരി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കാവുന്ന അവസ്ഥ ഉണ്ടാക്കണം. ഇതിനെല്ലാം പറ്റുന്ന നിലയിൽ ബന്ധപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം.

പൊലീസ്-എക്സസൈസ് സേനകളിലെ മികച്ച സേവന പശ്ചാത്തലമുള്ളവരും കാര്യപ്രാതിയുള്ളവരുമായവരെ ഉൾക്കൊള്ളിച്ച് ലഹരി വിരുദ്ധ സ്‌ക്വാഡുകൾ പുനക്രമീകരിക്കണം. മറ്റുതലങ്ങളിൽ വേണ്ടാത്തവരെ നടതള്ളുന്ന ഒരു ഏർപ്പാടായി ഇതിനെ മാറ്റരുത്. (ചിലപ്പോഴെങ്കിലും അപ്രകാരം സംഭവിക്കാറുണ്ട്).

വിമുക്തി ഉൾപ്പെടെയുള്ള ലഹരി നിർമ്മാർജ്ജന പ്രവർത്തനം ചീഫ് സെക്രട്ടറി നേത്യത്വത്തിൽ വിദ്യാഭ്യാസ വകുപ്പുകൾ. ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതിവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി മാറ്റിയെടുക്കണം.

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല ആരംഭിക്കാനുള്ള ശ്രമങ്ങളിൽനിന്നും อรตรา സർക്കാർ പിന്തിരിയണം. ഇതിനെതിരെ കർഷകരുൾപ്പെടെയുള്ള സമസ്‌ത ജനവിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരിക്കുകയാണ്.

മേൽ വിശദീകരിച്ച കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ സർവ്വ നടപടികളും സ്വീകരിച്ച് ബഹു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തവും കടമയും നിറവേറ്റാൻ ബഹു.മുഖ്യമന്ത്രിയും സഹപ്രവർത്തകരും ആത്മാർത്ഥമായി ശ്രമിക്കണം. അതുവഴി മദ്യം, മയക്കുമരുന്ന്, കഞ്ചാവ് മറ്റ് രാസപദാർത്ഥങ്ങൾ തുടങ്ങിയ സർവ്വ വിപത്തുകളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ വേണ്ടതെല്ലാം അടിയന്തരമായി ചെയ്യണമെന്നാണ് എൻറെ അഭ്യർത്ഥന.

സ്നേഹപൂർവ്വം

വി.എം.സുധീരൻ

Tags:    
News Summary - The government should take strong action to combat the menace of drug addiction - V.M. Sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.