തിരുവനന്തപുരം: ജനറൽ എല്ലാ വിഭാഗത്തിനും അർഹത ഉണ്ടായിരിക്കെ മുന്നാക്ക വിഭാഗം എന്ന് വ്യാഖ്യാനിക്കാൻ ഇടയാക്കും വിധം സര്ക്കാര് രേഖ. മുന്നാക്ക സംവരണത്തിൽ പുതിയ നിർവചനവുമായി ഇറക്കിയ ഉത്തരവിൽ അനുബന്ധമായി നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിന്റെ മാതൃകയിലാണ് (അനുബന്ധം ഒന്ന്) ഈ പരാമർശം. മുന്നാക്ക സംവരണമാണ് നടപ്പാക്കിയതെന്നിരിക്കെ അതിൽനിന്നും മുന്നാക്കം എന്ന വാക്ക് പൂർണമായി ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ജനറൽ കാറ്റഗറി എന്നാൽ പട്ടിക ജാതി-വർഗം, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവ ഒഴികെയുള്ള വിഭാഗങ്ങൾ എന്നാണ് വിശദീകരിച്ചിരിക്കുന്നത്. അതായത് മുന്നാക്ക വിഭാഗങ്ങൾ മാത്രമാണ് ജനറൽ കാറ്റഗറി എന്നനിലയിൽ. മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നടപ്പാക്കിയതോടെ സംസ്ഥാനത്ത് ഉദ്യോഗതലത്തിൽ പൊതുവിഭാഗം 40 ശതമാനമായി ചുരുങ്ങി. ജനറൽ കാറ്റഗറിയിൽ വരാൻ എല്ലാ സംവരണ വിഭാഗത്തിനും സംവരണം ലഭിക്കാത്തവർക്കും അർഹതയുണ്ട്. റാങ്കിൽ മുന്നിലെത്തുന്നവർക്ക് പരിഗണന ലഭിക്കും. ഇതു നിലനിൽക്കെയാണ് തെറ്റിദ്ധരിക്കപ്പെടാവുന്ന നിർവചനം ജനറൽ കാറ്റഗറിക്ക് നൽകിയത്.
മുന്നാക്ക സംവരണ സർട്ടിഫിക്കറ്റിൽ ജനറലിലെ സാമ്പത്തികമായി ദുർബലവിഭാഗത്തിൽ പെടുന്ന വ്യക്തി എന്ന സർട്ടിഫിക്കറ്റാകും ഇനി നൽകുക. അവിടെയും ജനറൽ കാറ്റഗറി എന്നാണ് പരാമർശം. വിദ്യാഭ്യാസ പ്രവേശനത്തിന് സംവരണമുള്ള ഒ.ഇ.സി (അദർ എലിജിബിൾ കമ്യൂണിറ്റീസ്) വിഭാഗങ്ങളെ ജനറൽ കാറ്റഗറിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നതായും രേഖ പറയുന്നു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം എന്നാണ് ഇതുവരെ മുന്നാക്ക സംവരണത്തെ സർക്കാർ നിർവചിച്ചിരുന്നത്. പുതിയ ഉത്തരവിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നത് ഭേദഗതി ചെയ്തു. സംവരണാനുസൃതം പട്ടികജാതി-വർഗ വിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗങ്ങൾ എന്നാണ് മാറ്റിയത്. നേരത്തേ മുന്നാക്ക സംവരണത്തിനായി തയാറാക്കിയിരുന്ന രേഖകളുടെ മാതൃകകളിലും ഇതനുസരിച്ച് മാറ്റം വരുത്തി. അവയിൽനിന്ന് മുന്നാക്ക സംവരണം എന്ന പ്രയോഗം ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.