കട്ടപ്പന: അപകടത്തിൽപെട്ട ബൈക്ക് നന്നാക്കാൻ പണം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഗൃഹനാഥൻ മരിച്ചു. വാഴവര നിർമലാസിറ്റി പാറക്കൽ രാജു ജോർജാണ് (47) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാഴവര കുഴിയാത്ത് ഹരികുമാർ (28), വാഴവര കാരിക്കുഴിയിൽ ജോബിൻ അഗസ്റ്റിൻ (25) എന്നിവർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ഹരികുമാറിന്‍റെ ബൈക്ക് രാജുവിന്‍റെ മകൻ രാഹുൽ ഓടിക്കാനായി വാങ്ങിയിരുന്നു. കഴിഞ്ഞ 18ന് നടന്ന അപകടത്തിൽ രാഹുലിന് പരിക്കേൽക്കുകയും വാഹനത്തിന് തകരാർ സംഭവിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ബൈക്ക് നന്നാക്കാൻ ആവശ്യമായ തുക നൽകാമെന്ന് രാഹുലിന്‍റെ വീട്ടുകാർ ഹരികുമാറിനെ അറിയിച്ചിരുന്നത്രേ. ശനിയാഴ്ച പണം നൽകണമെന്ന് ഹരികുമാർ ആവശ്യപ്പെട്ടെങ്കിലും ഫോൺ വിളിച്ചിട്ട് രാഹുൽ എടുക്കാതെ വന്നതോടെ ഹരിയും സുഹൃത്ത് ജോബിനും ശനിയാഴ്ച രാത്രി രാജുവിന്‍റെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ ഇരുവരും പണം ആവശ്യപ്പെട്ട് ബഹളം വെച്ചു. മുഴുവൻ തുകയും നൽകാൻ ഇപ്പോഴില്ലെന്നും കുറച്ചു രൂപ നൽകാമെന്നും രാഹുലിന്‍റെ പിതാവ് രാജു അറിയിച്ചു. എന്നാൽ, മുഴുവൻ പണവും വേണമെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നതോടെ തർക്കം കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചു. ഇതിനിടെ, രാജു കുഴഞ്ഞുവീഴുകയും വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണപ്പെട്ടു.
സംഘർഷത്തിനിടെ പരിക്കേറ്റ ഹരികുമാർ പൊലീസ് നിരീക്ഷണത്തിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജോബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ ഉണ്ടായ സമ്മർദത്താൽ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം രാജുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു. ഓമനയാണ് രാജുവിന്‍റെ ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.