തിരുവനന്തപുരം: മനഃസാക്ഷിയെ നടുക്കിയും പിടിച്ചുലച്ചും ആവർത്തിക്കുന്ന ഉരുൾദുരന്തങ്ങളുടെ നാടായി കേരളം മാറുമ്പോഴും രക്ഷാമാർഗവും പ്രതിവിധിയുമെല്ലാം കടലാസിലും റിപ്പോർട്ടിലും ഉന്നതതല യോഗങ്ങളിലും കെട്ടടങ്ങുന്നു. പുത്തുമലയും കവളപ്പാറയും പെട്ടിമുടിയും പിന്നിട്ട് ദുരന്തമുഖം വയനാട്ടിലേക്ക് നീളുമ്പോഴും അവകാശവാദങ്ങളുടെ കുത്തിയൊഴുക്കല്ലാത്ത സംസ്ഥാനത്തെ മലയോര ജനജീവിതങ്ങളെ സുരക്ഷിതമാക്കാനുള്ള ഇടപെടലുകളെല്ലാം...
തിരുവനന്തപുരം: മനഃസാക്ഷിയെ നടുക്കിയും പിടിച്ചുലച്ചും ആവർത്തിക്കുന്ന ഉരുൾദുരന്തങ്ങളുടെ നാടായി കേരളം മാറുമ്പോഴും രക്ഷാമാർഗവും പ്രതിവിധിയുമെല്ലാം കടലാസിലും റിപ്പോർട്ടിലും ഉന്നതതല യോഗങ്ങളിലും കെട്ടടങ്ങുന്നു. പുത്തുമലയും കവളപ്പാറയും പെട്ടിമുടിയും പിന്നിട്ട് ദുരന്തമുഖം വയനാട്ടിലേക്ക് നീളുമ്പോഴും അവകാശവാദങ്ങളുടെ കുത്തിയൊഴുക്കല്ലാത്ത സംസ്ഥാനത്തെ മലയോര ജനജീവിതങ്ങളെ സുരക്ഷിതമാക്കാനുള്ള ഇടപെടലുകളെല്ലാം പാതിവഴിയിൽ നിലയ്ക്കുന്നതാണ് അനുഭവം.
പശ്ചിമഘട്ട മലനിരയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഉരുള്‍പൊട്ടലിന്റെ തീവ്രത കാലം കഴിയുന്തോറും വർധിക്കുകയാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 50 ശതമാനം മലനാടാണ്. ജനസംഖ്യയുടെ 35 ശതമാനം അധിവസിക്കുന്നത് ഈ മേഖലയിലാണ്. എന്നാൽ, പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കേവലം ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെടുത്തിയാണ് സർക്കാറുകൾ പോലും കാണുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠന പ്രകാരം സംസ്ഥാനത്തിന്റെ 4.71 ശതമാനം (1848 ചതുരശ്ര കിലോമീറ്റർ ) പ്രദേശം ഗുരുതരമായ ഉരുൾപൊട്ടൽ സാധ്യതയുള്ളതാണ്. 9.77 ശതമാനം (3759 ചതുരശ്ര കിലോമീറ്റർ) പ്രദേശം മിതമായ ഉരുൾപൊട്ടൽ സാധ്യതയുള്ളവയും.
ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുക പ്രയാസമാണ്. എന്നാൽ, ഉരുൾ പൊട്ടൽസാധ്യതയുള്ള മേഖലകൾ ശാസ്ത്രീയമായരീതികൾ ഉപയോഗിച്ച് കണ്ടെത്തുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ ആഘാതത്തിന്റെ തീവ്രത കുറക്കാൻ സാധിക്കുമെന്ന് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു.
അപായക്കുന്നിൽനിന്ന് ചെങ്കുത്തായ മലഞ്ചെരുവിലേക്ക്
സംസ്ഥാനത്തെ വിറങ്ങലിപ്പിച്ച പല ഉരുൾപൊട്ടലുകളും ദുർബലമായ വനമേഖലയിൽനിന്ന് ആരംഭിച്ചെന്നാണ് സമീപകാലാനുഭവം. വനമേഖലയിൽ തുടങ്ങി ജനവാസ കേന്ദ്രത്തിൽ വരെ താണ്ഡവം നടത്തുന്ന ഉരുൾപൊട്ടലുകളുടെ ഉത്ഭവത്തിൽ അധികവും ദുർബലമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ സ്വാഭാവിക വനമേഖല, റബർ തോട്ടങ്ങൾക്ക് വഴിമാറിയിട്ടുണ്ട്.
സ്വാഭാവിക വനവൃക്ഷങ്ങൾക്ക് പകരം ആഴത്തിൽ വേരോട്ടമില്ലാത്ത മരങ്ങൾ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിച്ചെന്നതാണ് സമീപകാലാനുഭവം. 2011ൽ ഇടുക്കിയിലെ വനവിസ്തൃതി 3930 ചതുരശ്ര കിലോമീറ്ററായിരുന്നു എന്നാൽ, ഇന്ന് അത് 3139 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. വയനാട്ടിൽ വനമേഖല 1775 ചതുരശ്ര കിലോമീറ്ററിൽനിന്ന് 1580 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി.
ചെങ്കുത്തായ മലഞ്ചെരിവുകളിലെ ഇത്തരം പ്രദേശങ്ങളിൽ ജലം കിനിഞ്ഞിറങ്ങി ഭാരം വർധിച്ച് ഉരുൾപൊട്ടലായി മാറുകയായിരുന്നു. കനത്ത മഴക്കാലം മണ്ണിനെ നന്നായി കുഴയ്ക്കുമ്പോൾ വേനല്‍ക്കാലം മണ്ണിനെ വലിയതോതിൽ വരണ്ടതാക്കും. വർഷത്തിൽ ഇടവിട്ടുള്ള നനയലും വരളലും മരങ്ങളോ മറ്റോ ഇല്ലാത്ത ചരിവുകൂടിയ പ്രതലങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമാവുമെന്നതാണ് സമീപ കാല അനുഭവം.
അത്യാവശ്യം ഉയരവും ചരിവുമുള്ള മലനിരകൾ, വർഷകാലത്തെ മഴ, അരുവികൾ, ചിലതരം കൃഷിരീതികൾ കൊണ്ട് കൂടുതലായി ഇളകുന്ന മണ്ണ്, ഖനനം, ക്വാറികൾ എന്നിവകൊണ്ട് ഉണ്ടാകുന്ന കമ്പനങ്ങൾ, ചരിവുകളിൽ ഉണ്ടാക്കുന്ന നിർമാണ പ്രവൃത്തികൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ ഓരോ സംഭവങ്ങൾക്ക് പിന്നിലും കണ്ടെത്തിയിട്ടുണ്ട്.
അതിമഴയും കാരണം
കേരളത്തിലെ ഉരുൾപൊട്ടലിന്റെ പ്രധാന കാരണം പ്രദേശത്ത് നിശ്ചിത കാലയളവിൽ ലഭിക്കുന്ന അതിമഴയും ഇവ ഒഴുകിപ്പോകാനുള്ള സൗകര്യങ്ങളില്ലാത്തതുമാണ്. തെക്കു പടിഞ്ഞാറൻ കാലവർഷത്തോടനുബന്ധിച്ചാണ് കേരളത്തിൽ വ്യാപകമായി ഉരുൾപൊട്ടൽ കണ്ടുവരുന്നതും.
ദുരന്തദിവസം പെയ്യുന്ന മഴയുടെ അളവ് മാത്രമല്ല, തൊട്ടുപിന്നിലുള്ള രണ്ടോ മൂന്നോ ദിവസം പെയ്ത മഴയുടെ അളവ് കൂടിയാണ് ദുരന്തം സൃഷ്ടിക്കുന്നത്. രണ്ടോ മൂന്നോ ദിവസം 180 മില്ലിമീറ്ററിൽ അധികം മഴ ലഭിച്ചാൽ മിക്ക മലഞ്ചെരിവുകളും ദുർബലമാകും.
ഇതാണ് ദുരന്തമായി മാറുന്നത്. 2018 ലെ കാല വർഷത്തിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ 42 ശതമാനം അധികമാണ് മലയോരമേഖലകളിൽ ലഭിച്ചത്. ഇതാണ് ഇടുക്കി, പത്തനംതിട്ട, തൃശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഉരുൾപൊട്ടലിനും മലയിടിച്ചിലിനും കാരണമായത്.
ഉരുൾപൊട്ടൽ ഭീഷണിയിലാണ് പശ്ചിമഘട്ടം
ഉരുൾപൊട്ടൽ സാധ്യത അനുസരിച്ച് പശ്ചിമഘട്ട നിരകളെ പല മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇടുക്കിയിലാണ് തീവ്ര ഉരുൾപൊട്ടൽ സ്വഭാവമുള്ള പ്രദേശം കൂടുതലുള്ളത്, 388 ചതുരശ്ര കി.മീ. തൊട്ടുപിന്നിലുള്ള പാലക്കാട്ട് 324 ചതുരശ്ര കി.മീയും. പത്തനംതിട്ട (170), മലപ്പുറം (198 ), കണ്ണൂർ (168 ) വയനാട് (102) ജില്ലകളും ഈ പട്ടികയിലുണ്ട്.
സ്റ്റേറ്റ് ഓഫ് എൻവയൺമെന്റ് റിപ്പോർട്ട് പ്രകാരം കൂടുതൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നത് ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്. ഇതിൽ ദേവികുളം, വൈത്തിരി, നിലമ്പൂർ, മണ്ണാർക്കാട്, റാന്നി താലൂക്കുകളിലാണ് സാധ്യത ഏറെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.