കൊച്ചി: വിവരം കൈമാറ്റം ചെയ്യാനുള്ള ആധുനിക സംവിധാനങ്ങളുടെ പരിമിതിമൂലം ആശങ്കയിലായി മത്സ്യത്തൊഴിലാളികളുടെ സുരക്ഷ. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകുന്നതും അപകടകരമായ കടലിലെ സാഹചര്യം തിരിച്ച് കരയിൽ അറിയിക്കുന്നതും ഇതുകാരണം സാധ്യമാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ന്യൂനമർദവും ചുഴലിക്കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പ് എത്തുന്നതിനുമുമ്പ് കടലിലേക്ക് പുറപ്പെട്ട നൂറോളം ബോട്ടുകളെക്കുറിച്ച വിവരം ഇനിയും കരയിൽ ലഭിക്കാത്തത് പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു.
600 നോട്ടിക്കൽ മൈൽ വരെ ദൂരത്തിൽ മത്സ്യബന്ധനത്തിന് പോകുന്ന ഇവർക്ക് ബന്ധപ്പെടാനുള്ള ഓട്ടോമാറ്റിക് ഇൻഫർമേഷൻ സിസ്റ്റം ഘടിപ്പിക്കണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല. നിലവിലെ സംവിധാനങ്ങൾ പ്രകാരം തീരത്തുനിന്ന് ബോട്ട് പുറപ്പെട്ട് അര മണിക്കൂറിനുള്ളിൽ അവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. സാറ്റലൈറ്റ് ഫോണുകളുണ്ടെങ്കിലും മഴയുള്ള സമയത്ത് കണക്ഷൻ തടസ്സപ്പെടും.
സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ബോട്ടിലുള്ളവരുമായി ബന്ധപ്പെടാൻ കഴിയുന്ന വെരി ഹൈ ഫ്രീക്വൻസി (വി.എച്ച്.എഫ്) കമ്യൂണിക്കേഷൻ സിസ്റ്റം മാത്രമാണ് നിലവിലുള്ളത്. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതം സബ്സിഡിയിൽ എ.ഐ.എസ് ലഭ്യമാക്കുമെന്ന് അറിയിപ്പുകളുണ്ടായിരുന്നു. എന്നാൽ, കേരളത്തിൽനിന്ന് കടലിൽ പോകുന്ന 650 ബോട്ടിൽ 600 എണ്ണവും തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ ഇത് സാധ്യമാകുന്നില്ല.
കേരളത്തിൽനിന്ന് പുറപ്പെടുന്ന ഏതാനും ബോട്ടുകളിൽ ഒരുവശത്തേക്ക് മാത്രം ബന്ധപ്പെടാവുന്ന എ.ഐ.എസ് ഘടിപ്പിച്ചിട്ടുണ്ട്. ഇരുവശത്തുനിന്നും ഫലപ്രദമായ വിവരകൈമാറ്റം സാധ്യമായാൽ മാത്രമേ സുരക്ഷ ഉറപ്പിക്കാൻ കഴിയൂവെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. നാവിക് എന്ന സംവിധാനം വികസിപ്പിച്ച് ബോട്ടുകളിൽ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പൂർണതോതിൽ നടപ്പായില്ലെന്ന് അവർ പറഞ്ഞു.
എല്ലാ ബോട്ടിലും എ.ഐ.എസ് സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാറുകളോടും കൊച്ചിൻ പോർട്ട് ട്രസ്റ്റിനോടും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഓൾ ഇന്ത്യ ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ചാൾസ് ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.