പാലാ: ചികിത്സക്കിടെ ഗർഭിണിയായ യുവതി മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി. കാഞ്ഞിരപ്പള്ളി സ്വദേശി രഞ്ജിത്തിെൻറ ഭാര്യ മഹിമ മാത്യുവാണ് (31) കഴിഞ്ഞ ദിവസം പാലായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മഹിമയുടെ പിതാവ് മാത്യു ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ജില്ല ആരോഗ്യവിഭാഗത്തിൽനിന്ന് മന്ത്രി വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കോവിഡ് വാക്സിെൻറ പാർശ്വഫലം മൂലമാണ് മരണമെന്നാണ് ആശുപത്രിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത് വിവാദമായിരുന്നു.
ഗർഭിണിയാണോയെന്ന സംശയത്തെ തുടർന്ന് ഈ മാസം ആറിനാണ് മഹിമ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് മരങ്ങാട്ടുപിള്ളി പി.എച്ച്.എസിയിൽനിന്ന് യുവതി വാക്സിൻ സ്വീകരിച്ചു. വാക്സിനെടുത്ത് അഞ്ചു ദിവസങ്ങൾക്കുശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 13 നും 14 നും പാലായിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരുന്ന് നൽകി യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു. 15 ന് അബോധാവസ്ഥയിലായ മഹിമയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയും 18ന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, .തുടർച്ചയായ ദിവസങ്ങളിൽ എത്തിയിട്ടും വിശദമായ പരിശോധനയോ ചികിത്സയോ നൽകാനാവാത്തതാണ് മഹിമയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. കൃത്യമായ ചികിത്സ നൽകിയാണ് നൽകിയതെന്നും രക്തസ്രാവമുണ്ടായതാണ് മരണത്തിനിടയാക്കിയതെന്നും ഇവർ പറയുന്നു.
രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുേമാർട്ടം റിപ്പോർട്ടിലെയും പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ ഫോറൻസിക് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.