തിരൂർ: തിരൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാറും തിരൂർ പൂക്കൈത സ്വദേശിയുമായ പി.ബി. ചാലിബിന്‍റെ തിരോധാനത്തിൽ വഴിത്തിരിവ്. ചാലിബ് ഭാര്യയുമായി ഫോണിൽ സംസാരിച്ചതായി ബന്ധു മാധ്യമങ്ങളെ അറിയിച്ചു.
ചാലിബ് നിലവിൽ കർണാടകയിലെ ഉടുപ്പിയിലാണുള്ളത്. വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റക്കാണ് നാടുവിട്ടതെന്നും ക്ഷീണിതനാണെന്നും ചാലിബ് ഭാര്യയെ അറിയിച്ചു.
ചാലിബുമായി അമ്മാവൻ വിശദമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കട്ടായി. ചാലിബ് വിളിച്ച വിവരം പൊലീസിനെ അറിയിച്ചെന്നും അമ്മാവൻ വ്യക്തമാക്കി.
ബുധനാഴ്ച വൈകീട്ട് ഓഫിസിൽ നിന്ന് വരുന്ന വഴിയാണ് പി.ബി. ചാലിബിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി തിരൂർ പൊലീസിന് ബന്ധുക്കൾ പരാതി നൽകിയത്. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫിസിൽ നിന്ന് വൈകീട്ട് 5.15ന് ഇറങ്ങിയതായാണ് സഹപ്രവർത്തകർ പറഞ്ഞത്. അതിനുശേഷം ഭാര്യ വിളിച്ചപ്പോൾ തിരിച്ചെത്താൻ വൈകുമെന്ന് അറിയിച്ചിരുന്നു.
വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡുണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് സംഘമുണ്ടെന്നും പിന്നീട് വാട്സ്ആപ്പിൽ അറിയിച്ചു. ബുധനാഴ്ച രാത്രി 11 വരെ കാണാത്തതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
രാത്രി 12.18ന് ഓഫായ ഫോൺ പിന്നീട് രാവിലെ 6.55ന് അൽപസമയം ഓണായതായി കാണുന്നുണ്ട്. അവസാന ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്താണെന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.