പെരിയ ഇരട്ടക്കൊലയുടെ ശിക്ഷാവിധി കേൾക്കാൻ സ്മൃതിമണ്ഡപത്തിലെത്തിയ പ്രവർത്തകർ

അവർക്കരികിൽ അമ്മമാർ വീണ്ടും വിങ്ങിപ്പൊട്ടി...

കാസർകോട്: ശിക്ഷാവിധി നാളായ വെള്ളിയാഴ്ച രാവിലെതന്നെ കല്യോട്ടെ ശരത്‍ലാലിന്റേയും കൃപേഷിന്റേയും സ്മൃതിമണ്ഡപം മൂകമായിരുന്നു. പ്രവർത്തകരും കുടുംബങ്ങളും അവരുടെ പ്രിയപ്പെട്ട രണ്ടുപേർ അന്തിയുറങ്ങുന്ന മണ്ണിൽ അവർക്കൊപ്പമിരുന്നു. തങ്ങൾ പ്രതീക്ഷിക്കുന്ന ശിക്ഷയും കാത്ത് പ്രാർഥനയിലായിരുന്നു അവർ.

എന്നാൽ 12.15ഓടെ പുറത്തുവന്ന ശിക്ഷകേട്ട് അവരുടെ മിഴികൾ നിറഞ്ഞൊഴുകി, കുടുംബത്തിന്റെ കരച്ചിൽ ഉച്ചത്തിലായി മാറി. പൂക്കൾ ചാർത്തിയ കുടീരത്തിൽ കൃപേഷിന്റേയും ശരത്‍ലാലിന്റേയും കുടുംബത്തിന്റെ അശ്രുബിന്ദുക്കൾ നനഞ്ഞ് പ്രവർത്തകരുടെ മിഴികൾകൂടി ഈറനണിയിപ്പിച്ചു. അത് പ്രതിഷേധത്തിന്റെ അഗ്നിയായി ജ്വലിച്ചിരുന്നു. അവരുടെ പ്രിയപ്പെട്ടവനെ കത്തിമുനയിൽ തീർത്തവർക്ക് വധശിക്ഷയല്ല, ജീവപര്യന്തമാണ് എന്നത് അവർക്ക് ആശ്വസിക്കാവുന്ന വിധിയായിരുന്നില്ല. തങ്ങളുടെ മക്കളെ കൊന്നവരും ഭൂമിയിൽ ഉണ്ടാകാൻ പാടില്ല എന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ, വിധി മറിച്ചായിരുന്നു. ആ വിധിയിൽ അവർ പൂർണതൃപ്തരുമായിരുന്നില്ല. പ്രവർത്തകരുടെ മുദ്രാവാക്യംവിളിയിൽ അവരുടെ പ്രതിഷേധത്തിന്റെ അലയൊലികൾ ഉയർന്നുപൊങ്ങിയിരുന്നു.

‘‘പ്രതികൾ ഇപ്പോൾതന്നെ ആറുവർഷം ജയിലിൽ കിടന്നു, ഇനി ആറുവർഷം കൂടിയേയുള്ളൂ. അത് കഴിഞ്ഞ് പുറത്തേക്കിറങ്ങിയാൽ നാട്ടിലേക്കുതന്നെയാണ് വരുക. അവരങ്ങനെയെത്തിയാൽ വീണ്ടും പ്രശ്നങ്ങളുണ്ടാകും’’ -ശരത്‍ലാലിന്റെ സഹോദരി തേങ്ങലോടെ മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു.

എന്താണ് ശിക്ഷയെന്നറിയാനാണ് രാവിലെ മുതൽ സ്മൃതിമണ്ഡപത്തിൽ പ്രവർത്തകരും നേതാക്കളും കുടുംബത്തിന് പിന്തുണയുമായി എത്തിയിരുന്നത്. അതിൽ എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താനും, ഡീൻ കുര്യാക്കോസും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലും യൂത്ത് കോൺഗ്രസ് സംസ്ഥാന-ജില്ല നേതാക്കളുമുണ്ടായിരുന്നു. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത കുടുംബം ഇതിനെതിരെ പാർട്ടിയുമായും അഭിഭാഷകരുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും പറഞ്ഞു.

മുൻ ഉദുമ എം.എൽ.എ കെ.വി. കുഞ്ഞിരാമനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനുമടക്കം നാലു സി.പി.എം നേതാക്കൾക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ഒമ്പതാം പ്രതി ഒഴികെ ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തവുമാണ് കോടതി ശിക്ഷ വിധിച്ചത്. 

Tags:    
News Summary - The mothers again swooned beside them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.