തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നവരെ മറ്റ് മൂന്ന് മന്ത്രിമാരുടെ സ്റ്റാഫിലേക്ക് മാറ്റി നിയമിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, വി. അബ്ദുറഹ്മാൻ എന്നിവരുടെ സ്റ്റാഫിലേക്കാണ് മാറ്റിയത്.
അഞ്ച് പേരാണ് റിയാസിന്‍റെ സ്റ്റാഫിലെത്തിയത്. ഇതോടെ അദ്ദേഹത്തിന്‍റെ പേഴ്സനൽ സ്റ്റാഫിന്‍റെ എണ്ണം 29 ആയി. ആറ് പേരെ വി.എൻ. വാസവന്‍റെ സ്റ്റാഫിൽ നിയമിച്ചു. അദ്ദേഹത്തിന്‍റെ സ്റ്റാഫിൽ ഇതോടെ 30 പേരായി. അഞ്ച് പേരാണ് വി. അബ്ദുറഹ്മാന്റെ സ്റ്റാഫിലെത്തിയത്.
സജി ചെറിയാന്‍റെ സ്റ്റാഫിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥർ മാതൃവകുപ്പിലേക്ക് മടങ്ങും. സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ഉറപ്പാക്കാനാണ് പുതിയ നിയമനമെന്ന് ആക്ഷേപമുണ്ട്.
നിലവിൽ ഇവർക്ക് ഒരുവർഷത്തെ സർവിസ് മാത്രമാണുള്ളത്. രണ്ടുവർഷം സർവിസുള്ളവർക്കാണ് പെൻഷന് അർഹത. മന്ത്രിമാരുടെ സ്റ്റാഫിൽ 25 പേർ മതിയെന്നായിരുന്നു നേരത്തേ ഇടതുമുന്നണി കൈക്കൊണ്ട തീരുമാനം. സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ മൂന്നു മന്ത്രിമാർക്കായാണ് വിഭജിച്ച് നൽകിയത്.
അതിനാൽ നേരത്തേ വിഷയം കൈകാര്യം ചെയ്തിരുന്നവരെ പുതിയ മന്ത്രിമാരുടെ കീഴിലേക്ക് മാറ്റിയെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.