അങ്ങാടിപ്പുറം (മലപ്പുറം): മദ്റസകൾ നിർത്തലാക്കാനല്ല, അവക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നിർത്താനാണ് ബാലാവകാശ കമീഷന്റെ ഉത്തരവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. അങ്ങാടിപ്പുറത്ത് ബി.ജെ.പി അംഗത്വ വിതരണ കാമ്പയിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സർക്കാർ-എയ്ഡഡ് സ്കൂളുകൾ, സ്പെഷൽ കാറ്റഗറി സ്കൂളുകൾ എന്നിവയെയും ആ കാറ്റഗറിയിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളെക്കുറിച്ചുമാണ് കമീഷൻ വ്യക്തമാക്കിയത്.
ബാലാവകാശ കമീഷൻ നിയമാനുസൃത സംവിധാനമാണ്. അവർക്ക് സ്വതന്ത്രമായി കാര്യങ്ങൾ കണ്ടെത്താനും പഠിക്കാനും ഉത്തരവുകൾ ഇറക്കാനുമുള്ള അവകാശമുണ്ട്. പാർലമെൻറ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണത്. താൻ കമീഷൻ വൈസ് ചെയർമാനായിരുന്നു. കമീഷൻ ജുഡീഷ്യൽ പരിധിയിൽ വരുന്നതിനാൽ കോടതിയെ സമീപിക്കുകയാണ് പിന്നീടുള്ള മാർഗമെന്നും മന്ത്രി വ്യക്തമാക്കി.
ചേളാരി: മദ്റസകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തില്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് പ്രതിഷേധിച്ചു. മതവിഷയങ്ങളോടൊപ്പം രാജ്യസ്നേഹവും ഭൗതികവിദ്യയും പഠിപ്പിക്കുന്ന മദ്റസകള്‍ നിര്‍ത്തലാക്കുന്നത് ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ട്രഷറര്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പുത്തനഴി, കെ. മോയിന്‍കുട്ടി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ഷാഹുല്‍ഹമീദ് മേല്‍മുറി, അഡ്വ. നാസര്‍ കാളമ്പാറ, കെ.എം. കുട്ടി എടക്കുളം, ഇബ്നു ആദം കണ്ണൂര്‍ എന്നിവർ സംസാരിച്ചു.
കോഴിക്കോട്: മദ്റസകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാനങ്ങളോട് ഉത്തരവിട്ട ദേശീയ ബാലാവകാശ കമീഷന്റെ നടപടി നിരുത്തരവാദപരവും ഭരണഘടന വിരുദ്ധവുമാണെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംഘ്പരിവാറിന്റെ വിദ്വേഷ അജണ്ട നടപ്പാക്കുകയാണ് ബാലാവകാശ കമീഷന് ചെയ്യുന്നത്.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാന് സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍.എം. അബ്ദുല്‍ ജലീല്‍, പ്രഫ. കെ.പി. സകരിയ, എൻജി. സൈതലവി തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട്: രാജ്യത്തെ കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കേണ്ട ദേശീയ ബാലാവകാശ കമീഷനെ ന്യൂനപക്ഷ വേട്ടക്കായി ഉപയോഗിക്കുന്നത് ക്രൂരമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിയും ജനറൽ സെക്രട്ടറി ടി.കെ. അശ്റഫും അഭിപ്രായപ്പെട്ടു. രാജ്യത്തെ മദ്റസകള്‍ അടച്ചുപൂട്ടണമെന്ന നിർദേശം ഭരണഘടന ലംഘനവും മൗലികാവകാശ നിഷേധവുമാണ്. ബാലാവകാശ കമീഷന്റെ വിദ്വേഷം പരത്തുന്ന നിർദേശങ്ങളെ അവജ്ഞയോടെ തള്ളിക്കളയാന്‍ മതേതര സര്‍ക്കാറുകള്‍ ആര്‍ജവം കാണിക്കണമെന്നും നേതാക്കള്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.