കൊച്ചി: ആവശ്യം അപക്വമെന്ന കോടതി പരാമർശത്തിന് പിന്നാലെ, ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തിൽ മന്ത്രി സജി ചെറിയാനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി പിൻവലിച്ചു. തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ എറണാകുളം സ്വദേശി ബൈജു നോയൽ നൽകിയ ഹരജിയാണ് പിൻവലിച്ചത്.
സി.ബി.ഐയോ കർണാടക പൊലീസോ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണം അവസാനിപ്പിച്ച് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ഇത് ജസ്റ്റിസ് സിയാദ് റഹ്മാൻ അനുവദിക്കുകയായിരുന്നു.
സി.ബി.ഐ അന്വേഷണ ആവശ്യം ഈ ഘട്ടത്തിൽ അപക്വമാണെന്നും പൊലീസ് റിപ്പോർട്ട് സ്വീകരിച്ച് മജിസ്ട്രേറ്റ് കോടതി തീർപ്പുണ്ടാക്കിയാൽ അതിനെതിരെ ഹരജിക്കാരന് ഹൈകോടതിയെ വീണ്ടും സമീപിക്കാനാവുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹരജി പിൻവലിച്ചത്.
2022 ജൂലായ് മൂന്നിനാണ് സജി ചെറിയാൻ മല്ലപ്പള്ളിയിൽ വിവാദ പ്രസംഗം നടത്തിയത്. പത്തനംതിട്ട എസ്.പിയടക്കമുള്ളവർക്ക് ഹരജിക്കാരൻ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.