ആർ. ബാലകൃഷ്​​ണ പിള്ള 

അപൂർവതകളുടെ പിള്ള, വിവാദങ്ങളുടെയും

രാഷ്​ട്രീയം എന്നത്​ അതിജീവനത്തി​ന്‍റെ മാത്രമല്ല, അപൂർവതകളുടെയും വിവാദങ്ങളുടെയും കൂടി കലയാണെന്ന്​ തെളിയിച്ച രാഷ്​ട്രീയ നേതാവായിരുന്നു ആർ.ബാലകൃഷ്​ണ പിള്ള. ഏറ്റവും പ്രായം കുറഞ്ഞ അംഗമായി നിയമസഭയിലെത്തുന്നതു മുതൽ തുടങ്ങുന്നതാണ്​ അപൂർവതകളെങ്കിൽ, ഏറ്റവുമൊടുവിൽ, യു.ഡി.എഫി​െൻറയും എൽ.ഡി.എഫി​െൻറയും തൊട്ടടുത്ത ഭരണങ്ങളിൽ കാബിനറ്റ്​ പദവിയിൽ കോർപറേഷൻ ചെയർമാനായി പ്രവർത്തിച്ചു എന്നതിൽ ​തെളിയുന്നു ​ അദ്ദേഹത്തി​െൻറ അതിജീവന ശേഷി. ഇതിനൊപ്പം ചെയ്യുന്നതും പറയുന്നതും വിവാദമാക്കാനുള്ള അസാമാന്യ വൈഭവവും പിള്ളക്കുണ്ടായിരുന്നു. ഒാരോ പതനത്തിൽ നിന്നും ഉയിർ​െത്തഴുന്നേൽക്കാൻ പിള്ളയോളം 'രാഷ്​ട്രീയശേഷി' തെളിയിച്ച മറ്റൊരു നേതാവ്​ വേറെ ഉണ്ടായിരുന്നില്ല.

2006ലെ കൊട്ടാരക്കരയിലെ തോൽവിയൊഴിച്ചാൽ, ഒ​ാേരാ വീഴ്​ചക്കുശേഷവും മുമ്പുള്ളതി​െൻറയത്രയില്ലെങ്കിലും എഴുന്നേറ്റ്​ നിൽക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്​. ഇതിന്​ ​ മുന്നണി ബന്ധങ്ങളൊന്നും ​ തടസ്സമായിട്ടുമില്ല. കാബിനറ്റ്​ പദവിയേടെ മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാനായി യു.ഡി.എഫ്​ നിയമിച്ചപ്പോൾ എതിർത്ത എൽ.ഡി.എഫിന്​ അതേ പദവിയിൽ അദ്ദേഹത്തെ വീണ്ടും നിയമിക്കാനോ അത്​ സ്വീകരിക്കാൻ പിള്ളക്കോ അധികമൊന്നും ആലോചിക്കേണ്ടി വന്നിട്ടുമില്ല. കോണ്‍ഗ്രസില്‍നിന്ന് കേരള കോണ്‍ഗ്രസിലേക്കും അവിടെനിന്ന് സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ബിയിലേക്കുമെത്തിയായിരുന്നു പൊതു പ്രവർത്തനം. ഇതിനെല്ലാം മുമ്പ് കമ്യൂണിസ്​റ്റു പാര്‍ട്ടി അംഗമായിരുന്നുവെന്നും അദ്ദേഹ​ം പറഞ്ഞിട്ടുണ്ട്​.

1960 ഫെബ്രുവരി 22ന് രണ്ടാം നിയമസഭ നിലവില്‍ വരുമ്പോള്‍ 25 വയസ്സും പത്ത് മാസവുമായിരുന്നു പിള്ളയുടെ പ്രായം. (1987 മാര്‍ച്ച് 25 നിലവിൽവന്ന എട്ടാം നിയമസഭയിൽ, 25 വയസ്സും ആറു മാസവും പ്രായമുള്ളപ്പോൾ എത്തിയ മാത്യു ടി. തോമസാണ്​ ​നിയമസഭയിലെ 'ബേബി'യെന്ന വാദവുമുണ്ട്​.)

ഇതിനുപുറമേ, കേരളത്തിൽ, അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആദ്യ മന്ത്രി, കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യഎം.എൽ.എ, ഒരു പ്രസംഗത്തി​െൻറ പേരിൽ രാജിവക്കേണ്ടി വന്ന ആദ്യ മന്ത്രി, ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനവും വഹിച്ചയാൾ, ലോക്​സഭാംഗമായിരിക്കെ സംസ്​ഥാന മന്ത്രിസഭാംഗമായ ആൾ, ക്യാബിനറ്റ്​ പദവിയിൽ കോർപറേഷൻ ചെയർമാനായ ആദ്യ വ്യക്​തി, മകൻ കെ.ബി.ഗണേഷ്​ കുമാറിനൊപ്പം ഒരേ നിയമസഭയിൽ അംഗമായ അച്ഛൻ, മാത്രമല്ല, ആ മകനെ രാജിവപ്പിച്ച്​ മന്ത്രിയായ അച്ഛൻ എന്ന ബഹുമതിയും പിള്ളക്ക്​ സ്വന്തം.

ജയിച്ചയാള്‍ എം.എൽ.എയായി സഭയിലിരിക്കെ അതേ മണ്ഡലത്തില്‍ തോറ്റയാള്‍ മന്ത്രിയായ സംഭവത്തിലെ മന്ത്രിയും പിള്ള തന്നെ. 1970ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ പിള്ളയെ തോൽപ്പിച്ചത്​ കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനായിരുന്നു. എന്നാൽ, മന്ത്രിയായത് പിള്ളയും. അടിയന്തരാവസ്​ഥക്കാലത്ത്, കേരള കോൺഗ്രസ്​ ​െഎക്യമുന്നണിയിൽ ചേരാൻ തീരുമാനിച്ചതിനെത്തുടർന്ന്​ 1975 ഡിസംബറിൽ, പിള്ള അച്യുതമേനോന്‍ മന്ത്രിസഭയിൽ അംഗമായി. അന്ന്​ അദ്ദേഹം മാവേലിക്കരയിൽ നിന്നുള്ള ലോക്​സഭാംഗമായിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയെ പരാജയപ്പെടുത്തിയാണ് പിള്ള പാര്‍ലമെൻറില്‍ എത്തിയത്.1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനവും വഹിച്ചു.

​ 2011ലാണ്​ ഇടമലയാര്‍ കേസില്‍ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചത്​. ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ.1982 ല്‍ ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതാണ് കേസിനാസ്പദമായ സംഭവം. നേര​ത്തേ വിചാരണകോടതി കുറ്റക്കാരനെന്ന് കണ്ടെത്തി, രണ്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈകോടതി വെറു​െത വിടുകയായിരുന്നു​. ഇതിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലായിരുന്നു സുപ്രീ​ംകോടതി വിധി. കരാറുകാരന്‍ പി.കെ. സജീവന്‍, മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ രാമഭദ്രന്‍ നായർ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം ശിക്ഷിക്കപ്പെട്ടത്​‍. എന്നാൽ, ശിക്ഷകാലാവധി പൂർത്തിയാകുന്നതിനു മുമ്പ്​ കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ഉമ്മൻ ചാണ്ടി സർക്കാർ വിട്ടയച്ചു. ശിക്ഷ ഒരു വർഷത്തേക്ക്​ ആയിരുന്നുവെങ്കിലും 69 ദിവസം മാത്രമായിരുന്നു ജയിൽ വാസം. 75 ദിവസത്തെ പരോളും 85 ദിവസത്തെ ആശുപത്രി ചികിത്സക്കാലവും ശിക്ഷയിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാലുദിവസം വെട്ടിക്കുറക്കുകയും ചെയ്​തു.

1990ലാണ്​ കൂറുമാറ്റ നിരോധന നിയമപ്രകാരം പിള്ള അയോഗ്യനാക്കപ്പെട്ടത്​. ഈ നിയമപ്രകാരം കേരള നിയമസഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ട രണ്ടാമത്തെയാൾ പി.സി.ജോർജായിരുന്നു.1985ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രി ആയിരിക്കെ പിള്ള എറണാകുളത്ത്​ നടന്ന കേരള കോൺഗ്രസ്‌ സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു 'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന്​ പ്രസിദ്ധമായത്. അതേത്തുടർന്ന്​ പിള്ളക്ക്​ മന്ത്രി സ്​ഥാനം രാജിവെക്കേണ്ടിവന്നു.

പഞ്ചാബ്​ മോഡൽ മാത്രമല്ല, മറ്റു​പല പ്രസംഗങ്ങളും അദ്ദേഹത്തിന്​ വിനയായിട്ടുണ്ട്​. പിള്ള മാ​നേജരായിരുന്ന വാളകം രാമവിലാസം സ്കൂളിലെ അധ്യാപികക്കെതിരെയും നടത്തിയ പരാമർശങ്ങളും അധ്യാപികയുടെ ഭർത്താവ്​ കൃഷ്​ണ കുമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പിള്ളക്കെതിരെ ആരോപണമുയർന്നതും ഏ​റെ വിവാദമായിരുന്നു.

അടുത്തിടെ മറ്റൊരു വിവാദത്തിലും പിള്ള ചെന്നുചാടി. മുസ്​ലിം പള്ളികളിൽ നിന്നുയരുന്ന ബാങ്കുവിളിയെ ഉറക്കം നഷ്​ടപ്പെടുത്തുന്ന നായുടെ കുരയോട് ഉപമിച്ചുകൊണ്ട്​ നടത്തിയ ​പ്രസംഗത്തിലായിരുന്നു പിള്ളയുടെ വിവാദ പരാമർശം. പത്തനാപുരത്തിനടുത്ത്​ കമുകുംചേരിയിൽ നടന്ന എൻ.എസ്​.എസ്​ കരയോഗത്തിലായിരുന്നു ആ വിവാദ പരാമർശം.

അടുത്തിടെ, ക്രിസ്​ത്യൻ പള്ളികളെക്കുറിച്ച്​ നടത്തിയ പരാമർശങ്ങളും വിവാദങ്ങളായി.

Tags:    
News Summary - The pillai of rarities and controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.