ചെറുതുരുത്തി: പോക്സോ കേസിലെ പ്രതിയായ ഒഡിഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. മഹാദേവ് പാണിയെ (29) ഒഡിഷയിലെ റായ്ഗാഢ് ജില്ലയിലെ കർലഗാട്ടിയിലെ മോറാട്ടിഗുഡയിലെ വീട്ടിലെത്തിയാണ് ചെറുതുരുത്തി പൊലീസ് പിടികൂടിയത്. സ്റ്റേഷൻ ഇൻസ്പെക്ടർ ഇ. ബോബി വർഗീസും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞവർഷമാണ് മുള്ളൂർക്കരയിൽ ഒഡിഷ സ്വദേശിനിയായ 14 വയസുകാരിയായ ബാലികയെ പ്രതി പീഡിപ്പിച്ചത്. എന്നാൽ, പൊലീസ് എത്തിയതറിഞ്ഞ പ്രതി കേരളം വിട്ടു. 20 ദിവസങ്ങൾക്ക് മുമ്പ് പ്രതി ഒഡിഷയിലെത്തിയതായി ബാലികയുടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഇൻസ്പെക്ടർ ബോബി വർഗീസ്, സിവിൽ പൊലിസ് ഓഫിസർമാരായ എ. ഗിരീഷ്, എ. ജയകൃഷ്ണൻ, ഹോംഗാർഡ് ജെനുമോൻ എന്നിവർ ഒഡിഷയിലേക്ക് തിരിച്ചത്.
പ്രതിയെക്കുറിച്ചുള്ള സൂചനയായി കൈയിലുണ്ടായിരുന്നത് പത്തൂൺ അങ്കിൾ എന്ന പ്രതിയുടെ വിളിപ്പേര് മാത്രമായിരുന്നു. റായ്ഗാഢിലെത്തി ഉദ്യോഗസ്ഥർ അതിജീവിത താമസിച്ചിരുന്ന ഗുഡാരിയിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സമീപത്തെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായത്താലും പ്രതിയെക്കുറിച്ചന്വേഷിച്ചു.
നാല് ദിവസം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഒഡീഷയിൽ മലയാളമറിയുന്ന ധാരാളം പേരുണ്ടെന്നറിഞ്ഞ ഉദ്യോഗസ്ഥർ വേഷംമാറി ഗ്രാമങ്ങളിലെത്തിയത്. വനപ്രദേശമായതിനാൽ അന്വേഷണങ്ങൾ ഏറെ ദുഷ്കരമായി. മലയാളം അറിയുന്നവരുമായി കൂടുതൽ ഇടപഴകിയതിലൂടെ പ്രതിയുടെ സഹോദരനെക്കുറിച്ചറിയാൻ സാധിച്ചു.
എന്നാൽ, പൊലീസ് തെരച്ചിൽ നടത്തുന്ന കർലഗാട്ടി എന്ന സ്ഥലം മാവോവാദി ഭീഷണിയുള്ള മേഖലയായതിനാൽ തെരച്ചിൽ വീണ്ടും ദുഷ്ഷരമായി. ഇതിനിടെ പൊലീസ് എത്തിയതറിഞ്ഞ് പ്രതിയുടെ സഹോദരൻ ഒളിവിൽ പോവുകയും ചെയ്തു. എന്നാൽ, അതിസമർഥമായി ഇയാളെ കണ്ടെത്തി.
പ്രതിയുടെ വാസസ്ഥലം മാവോവാദി ഭീഷണിയുള്ള സ്ഥലമാണെന്ന് സ്ഥലത്തെ പൊലീസുദ്യോഗസ്ഥർ പലതവണ പറഞ്ഞിട്ടും ചെറുതുരുത്തി പൊലീസ് പിന്തിരിഞ്ഞില്ല. ജനങ്ങളുടെ നിസ്സഹകരണവും പ്രയാസമായി. ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.