കൂറ്റനാട്: കൂറ്റനാട് സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കേസെടുത്ത് തൃത്താല പൊലീസ്. സംഭവുമായി ബന്ധപെട്ട് ഒമ്പത് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച വൈകിട്ട് കൂറ്റനാട് മല റോഡിൽ തൃത്താല ഗവൺമെന്‍റ് കോളജിന് സമീപത്തുവച്ച് മേഴത്തൂര്‍, കുമരനെല്ലൂര്‍ സ്കൂളുകളിലെ കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിനിടെ വയറ്റില്‍ കുത്തേറ്റ വിദ്യാർഥിയും തലക്കടിയേറ്റ വിദ്യാർഥിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവ ദിവസം തന്നെ മൂന്നു വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മറ്റ് ആറു പേർ കൂടി പിടിയിലാകുന്നത്. രണ്ട് സ്റ്റേഷനുകളുടെ അതിര്‍ത്തി പങ്കിടുന്നതിനാലാണ് ആദ്യം ചാലിശ്ശേരിയിലേക്കും പിന്നീട് തൃത്താലയിലേക്കും കേസ് മാറ്റിയത്.
തൃത്താല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് എഫ്.ഐ.ആര്‍ തയാറാക്കി കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പ്രതിസ്ഥാനത്തുള്ളവരെ ചാലിശ്ശേരിയിലെ കുട്ടികളുടെ തടവറയിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. പിന്നീട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. നിരന്തരമുള്ള സംഘര്‍ഷങ്ങളും അതിന് വഴിവെക്കുന്ന കുട്ടികളുടെ ലഹരി ഉപയോഗവും അവര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്ന സംഘങ്ങളെയും കുറിച്ച് പൊലീസ് അന്വേഷിക്കും.
കഴിഞ്ഞ വര്‍ഷമാണ് കുമരനെല്ലൂര്‍ ഹൈസ്കൂളിന് തൊട്ടുള്ള ബാറ്ററികട നടത്തിപ്പുകാരനടങ്ങുന്ന സംഘത്തിൽ നിന്ന് എം.ഡി.എം.എ അടക്കം പിടികൂടിയത്. നേരത്തെ, സമൂഹമാധ്യമങ്ങളില്‍ പരസ്പരം കളിയാക്കി റീല്‍സ് ഇട്ടതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ സംഘർഷം ഉണ്ടാവുകയും അത് പരിഹരിക്കാനായി നടത്തിയ ചര്‍ച്ചക്കിടെയാണ് ശനിയാഴ്ച സംഘര്‍ഷമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.