മണ്ണാർക്കാട്: കാസർകോട് കരിന്തളം കോളജിൽ മലയാളം വിഭാഗത്തിൽ താൽക്കാലിക ജോലിക്കായി തന്റെ മൊബൈൽ ഫോണിൽ സ്വയം നിർമിച്ചതാണ് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്ന് വിദ്യ മൊഴി നൽകിയതായി പൊലീസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് വിദ്യയെ ചോദ്യംചെയ്തതിന്റെ വിശദാംശങ്ങൾ പൊലീസ് നൽകിയത്. തന്നെക്കാൾ യോഗ്യയായ വിദ്യാർഥിനിയുള്ളതിനാൽ ജോലി ലഭിക്കില്ലെന്ന് പേടിച്ചാണ് വ്യാജരേഖ നിർമിച്ചത്. നേരത്തേ മഹാരാജാസ് കോളജിൽ ആസ്പയർ ഫെലോഷിപ് ചെയ്തപ്പോൾ കിട്ടിയ സർട്ടിഫിക്കറ്റിലെ മാതൃക ഇതിനായി ഉപയോഗിച്ചെന്നും സീൽ, സിഗ്നേച്ചർ സീൽ എന്നിവയൊക്കെ ഇതിൽനിന്ന് സ്കാൻ ചെയ്ത് ഉപയോഗിക്കുകയായിരുന്നുവെന്നും വിദ്യ സമ്മതിച്ചതായി പൊലീസ് ഹാജറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
രണ്ടു കാലയളവിലായി രണ്ടു സർട്ടിഫിക്കറ്റുകൾ ഇങ്ങനെ ഉണ്ടാക്കുകയും ഇവയുണ്ടാക്കാനുപയോഗിച്ച മൊബൈൽ ഫോൺ പിന്നീട് ഉപേക്ഷിച്ചെന്നും പറയുന്നുണ്ട്. കരിന്തളം കോളജിൽ ഇതുപയോഗിച്ച് ജോലി നേടുകയും പിന്നീട് അട്ടപ്പാടി കോളജിൽ ഇതേ സർട്ടിഫിക്കറ്റുകൾ സ്വയം ഒപ്പിട്ട അപേക്ഷയോടൊപ്പം ജൂൺ രണ്ടിന് സമർപ്പിച്ചതായും പറയുന്നു. അപേക്ഷ സമർപ്പിച്ച് തിരിച്ചുവരുമ്പോൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്ന് അട്ടപ്പാടി കോളജിലെ അധ്യാപിക ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ ഭയന്ന് ഫോൺ ഓഫ് ചെയ്യുകയും സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിലെ വളവിൽ വെച്ച് കീറി കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തതായാണ് മൊഴി.
മൊഴി പ്രകാരം പൊലീസ് വിദ്യയുടെ മൊബൈൽ ഫോണിലെ മെമ്മറി കാർഡിൽനിന്ന് സർട്ടിഫിക്കറ്റുകൾ കണ്ടെത്തുകയും ഇവ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സർട്ടിഫിക്കറ്റുകൾ ഉപേക്ഷിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.