പോളിങ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 85 ന് മുകളിൽ പ്രായമുള്ള മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും ബാലറ്റ് പേപ്പറുകൾ അവരുടെ വീടുകളിൽ എത്തിച്ച് വോട്ട് ചെയ്യുന്നതിനുള്ള നടപടിക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. വീടുകളിൽ വോട്ട് പരിപാടിയുടെ ഭാഗമായി ആദ്യദിനം വോട്ട് രേഖപ്പെടുത്തിയത് 1497 പേർ.

അസന്നിഹിത വോട്ടർ (ആബ്‌സെന്റീ വോട്ടർ)വിഭാഗത്തിൽപ്പെടുത്തിയാണ് 85 വയസ് പിന്നിട്ടവർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ജില്ലയിലാകെ 14628 പേരാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിന് അർഹരായിരിക്കുന്നത്.

ഏപ്രിൽ രണ്ടിന് മുമ്പായി ഫോം 12 ഡി പ്രകാരം അപേക്ഷ സമർപ്പിച്ച വർക്കാണ് വീട്ടിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നത്. വോട്ടർപട്ടികയിൽ 85 വയസ് പൂർത്തിയായവർക്കും പി.ഡബ്ല്യു.ഡി ആയി മാർക്ക് ചെയ്തവർക്കും അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കും മാത്രമാണ് ഈ അവസരം ലഭിക്കുന്നത്. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 153 സംഘങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ, ബി.എൽ.ഒ എന്നിവരടങ്ങുന്ന സംഘമാണ് വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുന്നത്.

വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം നിലനിർത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിങ് സംഘം ഒരുക്കും. അസന്നിഹിത, ഭിന്നശേഷി വോട്ടുകൾ രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണൽ ദിവസമായ ജൂൺ നാലുവരെ ട്രഷറി സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും.

വോട്ട് ചെയ്യിക്കാനായി ഭവന സന്ദർശനത്തിന് വരുന്നതിനുമുമ്പ് ബന്ധപ്പെട്ടവർക്ക് എസ്.എം.എസ് മുഖേനയും അതത് ബി.എൽ.ഓ മാരെ തലേന്നും വിവരം അറിയിക്കും. ഭവന സന്ദർശനത്തിനുള്ള ഓരോ സംഘത്തിന്റെയും റൂട്ട് മാപ്പ് രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും അറിയിക്കും.

Tags:    
News Summary - The polling booth and ballot paper arrived at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.